സംസ്ഥാനത്ത് ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വ്വീസ് നേടിയ ശ്രീധന്യ സുരേഷിന് വീടൊരുങ്ങി. കാലിക്കറ്റ് സര്‍വ്വകലാശാല എന്‍.എസ്.എസ് ഓപ്പണ്‍ യൂണിറ്റിന്റെ നേതൃത്വത്തിലാണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ വീടിന്റെ താക്കോല്‍ കൈമാറി. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശ്രീധന്യ പൊഴുതന അമ്പലക്കൊല്ലി സ്വദേശിയാണ്.

ചടങ്ങില്‍ സര്‍വ്വകലാശാല രജിസ്ട്രാര്‍ സി.എല്‍. ജോഷി അദ്ധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് ഓപ്പണ്‍ യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ ഡോ.ശ്രീകുമാരന്‍, സിന്‍ഡിക്കേറ്റ് മെമ്പര്‍ കെ.കെ. ഹനീഫ, മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍, മുന്‍ രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുള്‍ മജീദ്, ഫാദര്‍. ബോബി പുള്ളോലിക്കല്‍, ഡോ. ഫാരിദ്, ഓറിയന്റല്‍ കോളജ് പ്രിന്‍സിപ്പാള്‍ റോബിന്‍, പ്രോഗ്രാം കണ്‍വീനര്‍ ബേബി ഷബീല, ഒ.കെ.സാജിത്, ടി.എം.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.