ജില്ലാ പഞ്ചായത്തിന്റെ 2019 – 20 സാമ്പത്തികവര്‍ഷത്തെ ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന ശില്‍പി ബില്‍ഡിംഗ് യൂണിറ്റിന്റെ നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ. ശാന്തകുമാരി നിര്‍വഹിച്ചു. കഞ്ചിക്കോട് ന്യൂ ഇന്‍ഡസ്ട്രിയില്‍ ഏരിയയില്‍ ഒരു കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്.

രണ്ടു നിലകളിലായി 4000 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ ടൈലറിങ് യൂണിറ്റ്, ടൈലറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഓഫീസ്, ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.
ജില്ലാ പഞ്ചായത്തിന്റെ മാതൃകാപരമായ പദ്ധതികളിലൊന്നാണിതെന്നും സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ അവസരം നല്‍കുന്നതിനോടൊപ്പം പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്കും ഇത് മുതല്‍കൂട്ടാവുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഭാവിയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴില്‍ സംരംഭങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് കെട്ടിടം നിര്‍മിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ജിഷ അധ്യക്ഷയായ പരിപാടിയില്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍,  കെ.ഇ.എല്‍ മാനേജിങ് ഡയറക്ടര്‍ കേണല്‍ ഷാജി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. സി. സുബ്രഹ്മണ്യന്‍, ശില്പി പാര്‍പ്പിട കേന്ദ്രം എക്‌സിക്യൂട്ടീവ് സെക്രട്ടറി ആര്‍.രേഖ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.