കോട്ടയം: കൊറോണ വൈറസ് ബാധിത മേഖലകളി ല്‍ നിന്ന് എത്തിയശേഷം ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ജസനമ്പര്‍ക്കമില്ലാതെ വീടുകളില്‍ താമസിച്ചിരുന്ന 14 പേരെ നീരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. ഇവരുടെ ഹോം ക്വാറന്റയിന്‍ 28 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

ഇവരില്‍ ആരിലും വൈറസിന്റെ സാന്നിധ്യമോ രോഗലക്ഷണങ്ങളോ കണ്ടെത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും സമൂഹത്തിന്റെ സുരക്ഷയെക്കരുതി വീടുകളില്‍ കഴിഞ്ഞിരുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ എല്ലാവരും തയ്യാറാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.

ഇനി 99 പേരാണ് ജില്ലയില്‍ ഹോം ക്വാറന്റയിനിലുള്ളത്. ഇവരിലും വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് 28 ദിവസം ഇവര്‍ വീടുകളില്‍ കഴിയും.