പത്തനംതിട്ട: വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഓഫീസുകളില്‍ നിര്‍ഭയമായി ജോലി ചെയ്യാന്‍ സൗകര്യമൊരുക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധയ്ക്കൊപ്പം പരാതികള്‍ പരിഗണിക്കുകയായിരുന്നു ഡോ. ഷാഹിദാ കമാല്‍.  തിരുവല്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ  ഓഫീസിലെ വിജിലന്‍സ് വിഭാഗം കൈകാര്യം ചെയ്യുന്ന വനിതാ ഉദ്യോഗസ്ഥ ഡ്യൂട്ടി നിര്‍വഹണത്തിന്റെ ഭാഗമായി  ഒരു ഉദ്യോഗസ്ഥനെതിരെ റിപ്പോര്‍ട്ട് തയാറാക്കുകയും തുടര്‍ന്ന്  ശിക്ഷാ നടപടികള്‍ക്ക് വിധേയനാകുകയും ചെയ്തതിന്റെ പേരില്‍,  സുഹൃത്തുക്കള്‍ മുഖേന ഉദ്യോഗസ്ഥയ്‌ക്കെതിരെ നിരന്തരം വിവരാവകാശം ചോദിക്കുകയും  വ്യക്തിപരമായി  അപമാനിക്കുകയും ചെയ്യുന്നതായുളള  പരാതി കമ്മീഷന്‍ പരിഗണിച്ചു. പരാതിയുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണ റിപ്പോര്‍ട്ട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അടിയന്തിരമായി ഹാജരാക്കുന്നതിന് കമ്മീഷന്‍ ഉത്തരവിട്ടു.  എതിര്‍ കക്ഷിയായ ഉദ്യോഗസ്ഥനെയും പരാതിക്കാരിയായ ഉദ്യോഗസ്ഥയെയും അടുത്ത അദാലത്തില്‍ ഹിയറിംഗ് നടത്തി ഉപഡയറക്ടറുടെ റിപ്പോര്‍ട്ട്  പരിശോധിച്ച് പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍  ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു.  ചില വീട്ടമ്മമാര്‍  മറ്റുളളവര്‍ക്ക് വായ്പ എടുക്കുന്നതിന്  ജാമ്യം നില്‍ക്കുകയും ഇതിനു പ്രതിഫലമായി തുച്ഛമായ സഹായം വാങ്ങി പ്രമാണം വരെ ഈട് നല്‍കി  കബളിപ്പിക്കപ്പെടുന്നതായും  കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ പരാതിയുമായി  കമ്മീഷനെ സമീപിക്കുന്നത്  പതിവാണെന്നും  ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു.  കോന്നി സ്വദേശിനിയായ വിധവ ആകെയുണ്ടായിരുന്ന നാലു സെന്റ് വസ്തുവിന്റെ പ്രമാണം  ഗ്രാമീണ്‍ ബാങ്കില്‍ പണയപ്പെടുത്തുന്നതിന് ഒരു പരിചയക്കാരന് നല്‍കുകയും  തുടര്‍ന്ന് റവന്യൂ റിക്കവറിയുടെ അറിയിപ്പ് ലഭിച്ചപ്പോള്‍ പരാതിയുമായി കമ്മീഷനെ സമീപിക്കുകയുമുണ്ടായി.  ഈ പരാതിയിന്മേല്‍  അദാലത്തില്‍ ഹാജരാകാതിരുന്ന എതിര്‍ കക്ഷിയെ കമ്മീഷന്‍ നേരിട്ട് വിളിച്ച് അടുത്ത അദാലത്തില്‍ ഹാജരാകുന്നതിന് കര്‍ശന നിര്‍ദേശം നല്‍കി. ഇത്തരം പരാതികളുമായി എത്തുന്ന സ്ത്രീകള്‍ പ്രമാണം ഉപയോഗിച്ച് വായ്പ എടുക്കുന്നതിന്  രേഖാ മൂലമുളള എല്ലാ നടപടികളും ചെയ്ത ശേഷമാണ് പരാതിയുമായി  നിയമസംവിധാനത്തെ സമീപിക്കുന്നതെന്നും ഇത്തരം കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് ബോധവല്‍ക്കരണത്തിന്റെ ആവശ്യമുണ്ടെന്നും  ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു.
  രഹസ്യ മൊബൈല്‍ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് മദ്യപാനിയായ നൂറനാട് സ്വദേശിയായ  ഭര്‍ത്താവിന്റെ നിരന്തര വഴക്കുമൂലം വീട്ടില്‍ നിന്നും അകന്നു കഴിയുന്ന  തട്ട സ്വദേശിനിയായ യുവതിയും  അദാലത്തില്‍ എത്തിയിരുന്നു.   വീട്ടുകാര്‍ അറിയാതെ  വിവാഹിതയായ ഈ യുവതി  ഭര്‍ത്താവിനും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം കഴിയുകയായിരുന്നു. പെണ്‍കുട്ടികളുടെ ഭാവിയെ കരുതി ഇരുവരെയും കൗണ്‍സിലിംഗ് നടത്തി    മദ്യപാനിയായ  ഭര്‍ത്താവിനെ ഡി- അഡിക്ഷന് വിധേയനാക്കി പ്രശ്‌നം പരിഹരിക്കാന്‍ കമ്മീഷന്‍  അംഗം ഇ.എം രാധ നിര്‍ദേശിച്ചു. കുടുംബാംഗങ്ങള്‍ക്കിടയിലെ വിട്ടുവീഴ്ചയില്ലാത്ത മനോഭാവമാണ്  പല കുടുംബങ്ങളുടെയും തകര്‍ച്ചയ്ക്ക്  കാരണമാകുന്നതെന്നും  ഇ.എം. രാധ പറഞ്ഞു.
ആകെ 39 പരാതികളാണ് പരിഗണനയ്‌ക്കെത്തിയത്. ഇതില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. മൂന്നു പരാതികള്‍ റിപ്പോര്‍ട്ടിനയച്ചു. അടുത്ത അദാലത്തില്‍ 25 പരാതികള്‍ വീണ്ടും പരിഗണിക്കും.   വനിതാ കമ്മീഷന്‍ ഇന്‍സ്‌പെക്ടര്‍  എം.സുരേഷ് കുമാര്‍, വനിതാ എസ്.ഐ. സാലി ജോണ്‍, ലീഗല്‍ പാനല്‍ ഉദ്യോഗസ്ഥരായ അഡ്വ. സിനി, അഡ്വ. സബീന, കൗണ്‍സിലര്‍ ഒബിനി തുടങ്ങിയവര്‍ പങ്കെടുത്തു.