ജീവിത ദുരിതങ്ങള്‍ക്കു നടുവില്‍ ഭൂമിയുടെ രേഖ സംബന്ധിച്ച പ്രതിസന്ധിയില്‍നിന്ന് കരകയറിയതിന്റെ ആശ്വാസത്തിലാണ് സുധാകരനും കുടുംബവും. മീനച്ചില്‍ താലൂക്കില്‍ റവന്യു വകുപ്പ് നടത്തിയ തോട്ടം – പുരയിടം അദാലത്താണ് തിടനാട്  കൊണ്ടൂര്‍ വില്ലേജിലെ പുളിച്ചമാക്കല്‍ സുധാകരന്റെയും കുടുാംബാംഗങ്ങളുടെയും വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ചത്.
ടാപ്പിംഗ് തൊഴിലാളിയായ സുധാകരന്റേയും ഭാര്യ ലീലയുടേയും പേരിലുളള 10.6 ആര്‍ വസ്തുവാണ് അദാലത്തില്‍ പുരയിടമാക്കി കിട്ടിയത്. നേരത്തെ പുരയിടമായിരുന്ന വസ്തു റീസര്‍വ്വേ കഴിഞ്ഞതോടെ രേഖകളില്‍ തോട്ടമായി മാറുകയായിരുന്നു.
മൂന്ന് വര്‍ഷം മുന്‍പ് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് ലീലയ്ക്ക് ജോലിക്ക് പോകാനാകുന്നില്ല. ഏകമകന്‍ ഷൈജു മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലാണ്. ഷൈജുവിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.
ലീലയുടെയും മകന്റെയും ചികിത്സ നടത്തിയ ഇനത്തില്‍ കുടുംബത്തിന് കടബാധ്യത ഏറെയുണ്ട്. തോട്ടമെന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ വസ്തു ഈടുവച്ച് വായ്പ എടുക്കുന്നതിനുള്ള സാധ്യതയും ഇല്ലാതായി.
അദാലത്തില്‍നിന്നു ലഭിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വസ്തു പുരയിടമാകുന്നതോടെ ബാങ്ക് വായ്പ് എടുത്ത് സാമ്പത്തിക ബാധ്യത തീര്‍ക്കാനും വീട് നിര്‍മ്മിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്.