അതിഥി തൊഴിലാളികള്‍ക്ക് കൂടൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ആദ്യശ്രമമായ കഞ്ചിക്കോട് അപ്നാഘര്‍ 620 തൊഴിലാളികള്‍ക്ക് തണലായി നിന്നുകൊണ്ട് ഒരു വര്‍ഷം പിന്നിടാന്നൊരുങ്ങുന്നു. കഞ്ചിക്കോട് വ്യവസായ മേഖലയിലും പരിസരപ്രദേശത്തും ജോലിചെയ്യുന്ന 14 കമ്പനിയിലെ തൊഴിലാളികളായ 620 പേരാണ് 62 റൂമുകളിലായി അപ്നാഘറില്‍ താമസിക്കുന്നത്. ഒരു തൊഴിലാളിക്ക് പ്രതിമാസം 1000 രൂപ വീതമാണ് തൊഴിലുടമകള്‍ വാടകയിനത്തില്‍ സര്‍ക്കാരിന് നല്‍കുന്നത്. 2019 ഫെബ്രുവരി 23 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അപ്നാഘര്‍ അതിഥി തൊഴിലാളികള്‍ക്കായി തുറന്നു നല്‍കിയത്. രാജ്യത്ത് ആദ്യമായി അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഹോസ്റ്റല്‍ പൂര്‍ത്തീകരിച്ചത് പാലക്കാട് കഞ്ചിക്കോടാണ്.
പശ്ചിമബംഗാള്‍, ഒഡിഷ, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ആസാം, ബീഹാര്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ഭൂരിപക്ഷം തൊഴിലാളികളും എത്തിയിരിക്കുന്നത്. ആവശ്യമായ കുടിവെള്ളം, ആഹാരം പാകം ചെയ്യാനുള്ള അടുക്കള, ഭക്ഷണം കഴിക്കാന്‍ ടി.വി ഉള്‍പ്പെടെയുള്ള ഡൈനിങ് ഹാള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഒരു റൂമില്‍ 10 പേര്‍ക്ക് ഉറങ്ങാനുള്ള സൗകര്യവും ഭക്ഷണം പാകം ചെയ്യാനുള്ള ഗ്യാസ് കണക്ഷനും സൗജന്യമായി നല്‍കുന്നു. കൂടാതെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സി.സി.ടി.വി ക്യാമറ, കഞ്ചിക്കോട് ശ്രീദുര്‍ഗ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നാലുപേര്‍ ചേര്‍ന്ന് ശുചീകരണ പ്രവര്‍ത്തികളും ചെയ്യുന്നുണ്ട്. ഒരു ക്ലര്‍ക്ക്, ഒരു ടെക്‌നീഷ്യന്‍ എന്നിവര്‍ക്ക് പുറമെ സുരക്ഷാ സംവിധാനത്തിനായി ഭാഷാപ്രാവീണ്യമുള്ള നാല് വിമുക്തഭടന്മാരെയും സുരക്ഷാ കാര്യങ്ങള്‍ക്കായി ഇവിടെ നിയോഗിച്ചിട്ടുണ്ട്.
തൊഴില്‍ നൈപുണ്യ വകുപ്പിന് കീഴില്‍ പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷന്‍ കേരളയുടെ നേതൃത്വത്തില്‍ എട്ടര കോടി ചെലവിട്ടാണ് കഞ്ചിക്കോട് കിന്‍ഫ്ര ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്സ്റ്റൈല്‍ പാര്‍ക്കില്‍ അപ്‌നാഘര്‍ പണിതുയര്‍ത്തിയത്. ജില്ലയിലും പരിസരത്തുമായി ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി കുറഞ്ഞ നിരക്കില്‍ വാടകയ്ക്ക് നല്‍കുന്നതിന് തൊഴില്‍ വകുപ്പ് കഞ്ചിക്കോട് കിന്‍ഫ്ര ഐ.ഐ.ടി.പി പാര്‍ക്കില്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിനെടുത്ത ഭൂമിയിലാണ് ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇതേതുടര്‍ന്ന് കോഴിക്കോട് രാമനാട്ടുകരയിലും എറണാകുളം കളമശ്ശേരിയിലും അതിഥി തൊഴിലാളികള്‍ക്കായി രണ്ട് പദ്ധതികള്‍ കൂടി ആരംഭിക്കുന്നതിന്റെ നടപടികള്‍ പുരോഗമിക്കുന്നതായി ഭവനം ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു.
44000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ മൂന്ന് ബ്ലോക്കുകളിലായി നാല് നിലകളിലാണ് കെട്ടിടം പണി കഴിപ്പിച്ചത്. കെട്ടിടത്തിന്റെ രണ്ടാം ബ്ലോക്കിലെ നാല് നിലകളിലായി 32 അടുക്കള, ഏട്ട് ഊണുമുറി, 96 ശുചിമുറികള്‍, പ്രത്യേക യൂറിനല്‍സ്, കുളിക്കാന്‍ സൗകര്യങ്ങള്‍, ബാത്ത് ഷവര്‍, വസ്ത്രം അലക്കാനും ഉണക്കാനുമുള്ള സൗകര്യം, വിശ്രമ സ്ഥലങ്ങളോടൊപ്പം അപ്നാഘറില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ, ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. തൊഴിലാളികളുടെ ആരോഗ്യ, മാനസിക, ശുചിത്വ കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി മേല്‍നോട്ടം വഹിക്കുന്നുണ്ടെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ എം.കെ രാമകൃഷ്ണന്‍ അറിയിച്ചു.