പാലക്കാട്: സര്‍ഗാത്കമായ കഴിവുകളെ വളര്‍ത്തി കുറവുകളെ പരിഹരിക്കാനാവുമെന്ന് കലാപ്രകടനങ്ങളിലൂടെ തെളിയിച്ച് ഭിന്നശേഷി വിഭാഗം വിദ്യാര്‍ഥികള്‍. ജന്മനാലുള്ള വൈകല്യങ്ങളെ മറികടന്ന് കഠിനമായ ശ്രമത്തിലൂടെ വികസിപ്പിച്ചെടുത്ത കഴിവുകള്‍ കൊണ്ട് വിസ്മയിപ്പിക്കുകയാണ് അവര്‍. സമഗ്രശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കും റിസോഴ്സ് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമായി നടത്തിയ ജില്ലാതല സംഗമം സര്‍ഗം-2020 വേദിയിലാണ് വിദ്യാര്‍ത്ഥികള്‍ കലാപ്രകടനങ്ങള്‍ നടത്തിയത്. 2000 നു ശേഷമുള്ള ഏത് വര്‍ഷവും തിയതിയും പറഞ്ഞാലും ദിവസം കൃത്യമായി പറയുന്ന കുമരപുരം ഹൈസ്‌കൂളിലെ ശ്രീജിത്ത്, സദസിന്റെ പൊതുവിഞ്ജാന ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന ഷൊര്‍ണൂര്‍ ബി.ആര്‍.സി യിലെ സൂര്യനാരായണന്‍, തിമില വിഭാഗത്തില്‍ ദേശീയതലത്തില്‍ സമ്മാനം നേടിയ ആലത്തൂര്‍ ബി.ആര്‍.സിയിലെ ഗോകുല്‍ എന്നിവരെല്ലാം സര്‍ഗം വേദിയിലെ വ്യത്യസ്തമായ കാഴ്ചകളായിരുന്നു.
ജില്ലയിലെ 13 ബി.ആര്‍.സി കളിലായി 4000 ത്തിലധികം ഭിന്നശേഷി വിദ്യാര്‍ത്ഥികളാണ് പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്നത്. 193 അധ്യാപകരാണ് ഇവരെ പരിശീലിപ്പിക്കുന്നത്. ഈ വിദ്യാര്‍ത്ഥികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും സംഗമം അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗം ജനങ്ങളുടേയും പ്രാതിനിധ്യം ഉണ്ടാകുമ്പോഴാണ് വിദ്യാഭ്യാസം അതിന്റെ പൂര്‍ണലക്ഷ്യം കൈവരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാരില്‍ നാം വിശ്വാസമര്‍പ്പിക്കുകയും അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും പരിഗണനയും നല്‍കുകയും ചെയ്യുകയാണെങ്കില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. സമഗ്രശിക്ഷ കേരളം ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം. ജയരാജന്‍ അധ്യക്ഷനായി.
ഭിന്നശേഷിക്കാരനായ ഓരോ കുട്ടിയും വ്യത്യസ്തമായ കഴിവുകള്‍ക്കുടമകളായിരിക്കും. അത്തരം കഴിവുകളേയും അവരുടെ കുറവുകളേയും മനസിലാക്കി ഇടപെടുമ്പോള്‍ അത് വിജയകരമായി തീര്‍ന്ന അനുഭവങ്ങളായിരുന്നു അധ്യാപകരും രക്ഷിതാക്കളും പങ്കുവെച്ചത്. പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നിര്‍മിച്ച ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും അധ്യാപകരുടേയും രക്ഷിതാക്കളുടേയും അനുഭവങ്ങള്‍ പങ്കുവെക്കലും സംഘടിപ്പിച്ചു. മോയന്‍ എല്‍.പി.സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പ്രദര്‍ശനസ്റ്റാളിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസസംരക്ഷണയഞ്ജം ജില്ലാ കോര്‍ഡിനേറ്റര്‍ ടി.ജയപ്രകാശ്, സെമിനാര്‍ ഉദ്ഘാടനം ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.എ.രാജേന്ദ്രന്‍ എന്നിവര്‍ നിര്‍വഹിച്ചു. സമഗ്രശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.മോഹന്‍ദാസ്, ജില്ലാ പഞ്ചായത്തംഗം നിതിന്‍ കണിച്ചേരി, വാര്‍ഡ് കൗണ്‍സിലര്‍ കെ.റിസ്വാന, സമഗ്രശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ എം.കെ.നൗഷാദലി, സുരേഷ്‌കുമാര്‍, പി.ടി.എ പ്രസിഡന്റ് പി.ഷംസുദ്ദീന്‍, പാലക്കാട് ബി.ആര്‍.സി ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശിവപ്രസാദ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.മണിയമ്മ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം.പി.ബാലഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു.