ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ജില്ലാതല ദ്വിദിന സഹവാസ ക്യാമ്പുകൾ തുടങ്ങി. നൂതന സാങ്കേതിക സംവിധാനങ്ങൾ സ്‌കൂൾ വിദ്യാർഥികൾക്കു പരിചയപ്പെടുത്തുന്ന ക്യാമ്പിന്റെ ഉദ്ഘാടനം കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു.

അടുത്ത അധ്യയന വർഷം മുതൽ നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) യുടെ സാധ്യതകൾ പഠനത്തിൽ ഉൾപ്പെടുത്തുമെന്നും അറിവുല്പാദനത്തിന് ഇവ എല്ലാ കുട്ടികൾക്കും ലഭ്യമാക്കുമെന്നും അൻവർ സാദത്ത് പറഞ്ഞു.
ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐ.ഒ.ടി), മൊബൈൽ ആപ്പ് നിർമ്മാണം, വോട്ടിങ് മെഷീൻ തയ്യാറാക്കൽ തുടങ്ങിയ വിഭാഗങ്ങളിലാണ് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള ബെൻഡർ സോഫ്റ്റ്‌വെയറിലാണ് അനിമേഷൻ പരിശീലിപ്പിക്കുന്നത്.

കൈറ്റ്‌സ് മാസ്റ്റർ കോ-ഓർഡിനേറ്റർമാരും അധ്യാപകരുമാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ഉപജില്ലാ ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർഥികളാണ് ഓരോ ജില്ലാതല ക്യാമ്പിലും പങ്കെടുക്കുന്നത്.
തിരുവനന്തപുരം ജില്ലയിലെ ക്യാമ്പ് ശംഖുമുഖം സെന്റ് റോക്‌സ് ഹൈസ്‌കൂളിൽ തുടങ്ങി. സാങ്കേതിക മേഖലയ്ക്ക് ചാലകശക്തിയായി പ്രവർത്തിക്കാൻ ക്യാമ്പിലൂടെ കുട്ടികൾക്കു കഴിയുമെന്ന് ലിറ്റിൽ കൈറ്റ്‌സ് ജില്ലാ കോ-ഓർഡിനേറ്റർ ബിന്ദു പറഞ്ഞു. ജില്ലാതല ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് സംസ്ഥാനതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.