കൊച്ചി:നമ്മുടെ രാജ്യത്ത് മതാടിസ്ഥാനത്തിൽ പൗരത്വം നിശ്ചയിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വഭേദഗതി നിയമത്തിൻ്റെ കൂടെ തന്നെ ഒരുക്കിയിരിക്കുന്ന ചതിക്കുഴിയാണ് ദേശീയ പൗരത്വ രജിസ്റ്റർ എന്നും സെൻസസിനോട് ഒപ്പം പൗരത്വ രജിസ്റ്റർ തയ്യാറാക്കാനാണ് രാജ്യമാകെ കേന്ദ്ര സർക്കാർ നിർദേശം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കൃതി പുസ്തകോത്സവത്തിൽ ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ദേശീയ പൗരത്വ രജിസ്റ്ററിൻ്റെ കാര്യവും ഇവിടെ ഉദിക്കുന്നില്ല. സെൻസസ് എടുക്കാൻ കേരളം തയ്യാറാണ് എന്നാൽ ദേശീയ ജനസംഖ്യാ രജിസ്റ്ററിൻ്റെ ഭാഗമായുള്ള കണക്കെടുപ്പുകൾ നടത്താൻ കേരളം തയ്യാറല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഈ നിലപാട് കേന്ദ്ര സർക്കാരിനെയും കേരളത്തിലെ എല്ലാ ഉദ്യോഗസ്ഥന്മാരേയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കേരളത്തിൽ ആശങ്കയില്ല. ഇന്ത്യയിൽ ആകെയുള്ള ഈ നിയമം തിരുത്തിക്കുന്നതിന് കൂടുതൽ ശക്തമായ നിലപാട് തുടരേണ്ടതുണ്ട്. ഇപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ എല്ലാവരും ഒന്നിച്ച് ഇറങ്ങേണ്ട സാഹചര്യമാണ് ഇവിടെയുള്ളത്. നമ്മുടെ രാജ്യം പൊരുതി നേടിയ ജനാധിപത്യം , നമ്മുടെ ഭരണഘടന അതിൻ്റെ ഭാഗമായുള്ള മതനിരപേക്ഷത , സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൻ്റെ ഭാഗമായി നാം ഉയർത്തിയ മൂല്യങ്ങൾ ഒന്നും നഷ്ടപ്പെടുത്താൻ നാം അനുവദിക്കില്ല എന്ന നിലപാട് തുടർന്നും നമുക്ക് സ്വീകരിക്കാൻ ആവണം എന്നും അതിനെല്ലാവരും ഒന്നിച്ചിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സ്വാതന്ത്ര്യം സമര പ്രസ്ഥാനത്തിൻ്റെ മൂല്യങ്ങളാകെ ഉൾകൊണ്ട് കൊണ്ടാണ് ഭരണഘടന തയ്യാറാക്കിയത്.
ഒരു ദിവസം കൊണ്ടോ ഏതാനും നാളു കൊണ്ടോ തയ്യാറാക്കിയതല്ല ഭരണ ഘടന. സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങൾ അന്ന് ഉയർത്തിയ മൂല്യങ്ങൾ നമ്മുടെ ഭരണഘടനയ്ക്ക് സ്വാംശീകരിക്കാൻ കഴിഞ്ഞു. ഇത് നാം ഗൗരവമായി കാണണം. ഇന്ത്യൻ ഭരണഘടന സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളുടെ ഉൽപ്പന്നമാണ് എന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് വേദിയിൽ
ലളിതാംബിക അന്തർജ്ജനം രചിച്ച ശകുന്തള എന്ന തിരക്കഥയുടെ പുസ്തക പ്രകാശനം നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻറെ കയ്യിൽനിന്നും എംഎൽഎ റ്റി.ജെ വിനോദ് പുസ്തകം ഏറ്റുവാങ്ങി.
സഹകരണ വകുപ്പിൻ്റെയും സഹകരണ സ്ഥാപനങ്ങളുടെയും ആധികാരിക വിവരങ്ങൾ അടങ്ങുന്ന കോപ്പറേറ്റീവ് ഗൈഡ്, പ്രശസ്ത നോവലിസ്റ്റ് സി രാധാകൃഷ്ണൻ്റെ തീക്കടൽ കടഞ്ഞ തിരുമധുരം എന്ന നോവലിനെ അടിസ്ഥാനമാക്കി പ്രശസ്ത ഫോട്ടോഗ്രാഫർ ബി മനോജ് തയ്യാറാക്കിയ ചിത്രങ്ങളുടെ സമാഹാരം തീക്കടൽ തുറമുഖങ്ങൾ,
തേൻ മണക്കും വാക്കുകൾ
എന്നീ പുസ്തകങ്ങളുടെയും പ്രകാശനം വേദിയിൽ നടത്തി.
സഹകരണ വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ, എം എൽ എ റ്റി.ജെ വിനോദ് , ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.