ഇടുക്കി: ഇത്തിരി മണ്ണ്,പുല്ലുമേഞ്ഞതെങ്കിലും ചാണകം മെഴുകുന്ന തറയെങ്കിലും ആയാലും വേണ്ടില്ല, സ്വന്തമെന്നു പറയാന്‍, തലചായ്ക്കാനൊരിടം -അതുമാത്രമായിരുന്നു ഇരട്ടയാര്‍ കരിക്കകത്തില്‍ ശാലിനി എന്ന യുവതിയുടെ ജീവിതാഭിലാഷം. സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതി ശാലിനിക്ക് സമ്മാനിച്ചത് മേല്‍ക്കൂര വാര്‍ത്ത, ടൈല്‍ പതിച്ച തറയുള്ള, ചുവരുതേച്ച, രണ്ട് മുറികളും ഹാളും അടുക്കളയും ബാത്ത് റൂമും സിറ്റൗട്ടും ഉള്ള ഭംഗിയേറിയ വീടാണ്.
ഹോട്ടല്‍ തൊഴിലാളിയായ ഭര്‍ത്താവ് സജിത്തിനും യുകെജി വിദ്യാര്‍ത്ഥിയായ മകള്‍ മരിയാ മോള്‍ക്കുമൊപ്പം ഈ മനോഹരമായ സുരക്ഷിത ഭവനത്തില്‍ താമസിമാരംഭിക്കുമ്പോഴും ഇത് ലഭ്യമാക്കിയവരോടുള്ള നന്ദിയും സന്തോഷവും പറഞ്ഞ് മതിയാകുന്നില്ല ഈ വീട്ടമ്മയ്ക്ക്. ആദ്യം ഭര്‍ത്താവിന്റെ കുടുംബ വീട്ടിലും പിന്നീട് സ്വന്തം വീട്ടിലുമായാണ് ശാലിനിയും ഭര്‍ത്താവും മകളും കഴിഞ്ഞു വന്നത്.
സ്വന്തമായി സ്ഥലമോ വീടോ വാങ്ങാനുള്ള സാമ്പത്തികശേഷി ഇവര്‍ക്കുണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ വീടും ഭൂമിയും ഇല്ലാത്തവരുടെ ലിസ്റ്റിലാണ് ഇവര്‍ ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ മൂന്ന് സെന്റ് സ്ഥലം എങ്ങനെയെങ്കിലും വാങ്ങാനായാല്‍ ലൈഫിലൂടെ ഉടന്‍ വീട് ലഭിക്കുമെന്നറിഞ്ഞ് ശാലിനിയുടെ മാതാവിന്റെ പേരിലുള്ള ഇത്തിരി ഭൂമി പണയം വെച്ചും ബാക്കി പലരില്‍ നിന്നായി കടം വാങ്ങിയും ഇവര്‍ ഇവിടെ മൂന്നു സെന്റ് സ്ഥലം വാങ്ങി.
അതോടെ ഭൂമിയുള്ള ഭവന രഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടാണ് ശാലിനിക്ക് വീട് എന്ന സ്വപ്നം വേഗത്തില്‍ യാഥാര്‍ത്ഥ്യമായത്. ഭവന നിര്‍മ്മാണ തുകയ്‌ക്കൊപ്പം 90 തൊഴില്‍ ദിനങ്ങളുടെ സേവനവും ഈ ദമ്പതികളുടെ കഠിനാധ്വാനവും ഒത്തുചേര്‍ന്നപ്പോള്‍ ഒരു കൊച്ചു കുടുംബത്തിന്റെ വലിയ ആഗ്രഹമാണ് നിറവേറിയത്. ഭര്‍ത്താവും കുഞ്ഞുമൊത്ത് ശാലിനി ഇവിടെ സന്തുഷ്ട ജീവിതം നയിക്കുന്നു.