സംസ്ഥാനത്ത് 2246 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: ലോകത്ത് 26 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2246 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ 2233 പേര്‍ വീടുകളിലും 13 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 423 സാമ്പിളുകള്‍എന്‍. ഐ. വി യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇതില്‍ 406 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. രോഗം സ്ഥിരീകരിച്ച മൂന്ന് പേരില്‍ രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടരുന്ന വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമാണ്. തുടര്‍പരിശോധനാ ഫലങ്ങള്‍ കാത്തിരിക്കുന്നു. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചൈനയില്‍ നിന്നും എത്തി ഡല്‍ഹിയിലെ രണ്ട് ക്യാമ്പുകളിലായി ഐസോലേഷനില്‍ കഴിയുന്ന 115 പേര്‍ക്കും കേരളത്തിലേക്ക് വരാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഇവര്‍ കേരളത്തിലെത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇവരുടെ രക്ഷിതാക്കളുമായി ബന്ധപ്പെട്ട് പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഇവരുടെ ആരോഗ്യ കാര്യങ്ങളെക്കുറിച്ചും ബോധവത്ക്കരണം നല്‍കും.

എയര്‍ പോര്‍ട്ടില്‍ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് പോകാതെ നേരെ വീട്ടിലേക്ക് തന്നെ പോകണം. കേരളത്തില്‍ തിരിച്ചെത്തിയാലും ഡല്‍ഹിയില്‍ എത്തിയ തീയതി മുതല്‍ മൊത്തം 28 ദിവസം അവര്‍ വീടുകളില്‍ ഐസോലേഷനില്‍ കഴിയേണ്ടതാണ്. ഇക്കാര്യത്തിലുള്ള സംശയ നിവാരണത്തിനും ആരോഗ്യ-മാനസിക പിന്തുണയ്ക്കും ദിശ ഹെല്‍പ് ലൈന്‍ 1056, 0471 255 2056 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും സേവനം ലഭ്യമാണ്.

കേരളത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 120 വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും കൊറോണ വൈറസ് രോഗബാധയ്‌ക്കെതിരെ ജാഗ്രത തുടരുകയാണ്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവര്‍ 11.02.2020 ലെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വീടുകളില്‍ തന്നെ തുടരേണ്ടതും പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതുമാണ്.