സ്ഥാപനങ്ങളിൽ വനിതകൾക്കായി ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ വനിതാശിശുവികസന വകുപ്പ് സംസ്ഥാന വ്യാപക പരിശോധന നടത്തും. വനിതാ ദിന വാരാചരണത്തിന്റെ ഭാഗമായി മാർച്ച് ഒന്ന് മുതൽ എട്ടുവരെ എല്ലാ തൊഴിലിടങ്ങളിലും പരിശോധന നടത്തും. ജില്ലാ വനിതാ ശിശുവികസന ഓഫീസർ, ജില്ലാതല പ്രോഗ്രാം ഓഫീസർ, വിമൺ പ്രൊട്ടക്ഷൻ ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസർമാർ എന്നിവരാണ് പരിശോധന നടത്തുക. പരിശോധനാ വേളയിൽ ഇന്റേണൽ കമ്മിറ്റി രൂപീകരിക്കുന്നതിന് വീഴ്ച വരുത്തിയ സ്ഥാപനമേധാവികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം പത്തും അതിലധികം ജീവനക്കാർ തൊഴിലെടുക്കുന്ന എല്ലാ സർക്കാർ/സർക്കാരിതര/സ്വകാര്യ സ്ഥാപനങ്ങളിലും ഇന്റേണൽ കമ്മിറ്റി രൂപീകരിക്കണം. വീഴ്ച വരുത്തുന്ന തൊഴിൽ മേധാവിക്കെതിരെ 50,000 രൂപവരെ പിഴ ഈടാക്കുന്നതിന് നിയമ പ്രകാരം വ്യവസ്ഥയുണ്ട്.