2020-21 സാമ്പത്തിക വർഷം കഴിയുന്നതോടെ മുഴുവൻ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ. ചികിത്സ, പൊതുജനാരോഗ്യ സംവിധാനങ്ങളും മാനേജ്‍മെന്റും ഒരു സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കുന്ന ഇ-ഹെൽത്ത് സംവിധാനത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണാടിപ്പൊയിലിലെ പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ഇ-ഹെൽത്ത് പദ്ധതി സംസ്ഥാനത്ത് പൂർണമാവുന്ന മുറക്ക് രോഗികളുടെ മുഴുവൻ രോഗചരിത്രം രേഖപ്പെടുത്താൻ സാധിക്കും. സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങൾ തൊട്ട് മുകളിലോട്ടുള്ള ആശുപത്രികളെ ഉയർന്ന ചികിത്സ സൗകര്യങ്ങളുള്ള ആശുപത്രിയാക്കി ഉയർത്തുകയാണ് ലക്ഷ്യം. 2021-22 സാമ്പത്തിക വർഷം കഴിയുന്നതോടെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉൾപ്പടെയുള്ള സൗകര്യങ്ങളുള്ള ലോകോത്തര നിലവാരമുള്ളവയാക്കി സർക്കാർ ആശുപത്രികളെ മാറ്റാൻ സാധിക്കും. അഞ്ഞുറോളം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
പുരുഷൻ കടലുണ്ടി എം. എൽ. എ അധ്യക്ഷത വഹിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എം കമലാക്ഷി, ജില്ലാമെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീ, ഇ-ഹെൽത്ത് നോഡൽ ഓഫീസർ പി. വി പ്രമോദ് കുമാർ, പനങ്ങാട് ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് പി. ഉസ്മാൻ, സ്ഥിരം സമിതി അംഗങ്ങളായ എൽ. വി വിലാസിനി, പി.സി പുഷ്പ, കോട്ടയിൽ മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.