സ്വന്തം വീടും സ്‌കൂളുമെന്നതിനപ്പുറം മറ്റൊരു ലോകം കാണാത്ത ഒരു കൂട്ടം കുട്ടികൾക്കും അവരുടെ അമ്മമാർക്കും പുതിയ അനുഭവമായി ആകാശയാത്ര. 3500 ഓളം കുട്ടികൾ പഠിക്കുന്ന പയ്യോളി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ അമ്മമാർക്കുമാണ് സ്‌കൂളിന്റെ  നേതൃത്വത്തിൽ ആകാശയാത്ര സംഘടിപ്പിച്ചത്.

യാത്രയുടെ ഭാഗമായി സംഘം രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ  സന്ദർശിച്ചു. ഓരോ കുട്ടിയുടേയും അടുത്തെത്തി ഗവർണർ കുശലാന്വേഷണം നടത്തി. അദ്ദേഹം തന്നെ കുട്ടികൾക്ക് ലഘു ഭക്ഷണം എടുത്തു നൽകി. കോഴിക്കോട് എത്തുമ്പോൾ സ്‌കൂൾ സന്ദർശിക്കുമെന്ന് ഗവർണർ ഉറപ്പു നൽകി. ഭിന്നശേഷി കുട്ടികൾക്കായി സ്‌കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെയും അധ്യാപകരെയും ഗവർണർ പ്രത്യേകം അഭിനന്ദിച്ചു.

സെറിബ്രൽ പാൾസി, ഓട്ടിസം എന്നിവ ബാധിച്ച 26 കുട്ടികളും അവരുടെ അമ്മമാരും കെ.ദാസൻ എം.എൽ.എയ്ക്കും സ്‌കൂൾ അധ്യാപകർക്കും ഒപ്പമാണ് എത്തിയത്. പ്രത്യേക പരിഗണന ലഭിക്കേണ്ട കുട്ടികളായതിനാൽ പൊതു ചടങ്ങുകൾക്കോ നാടു വിട്ട് മറ്റൊരിടത്തേക്കോ പോകാനാകാത്തവരാണ് കുട്ടികളും അവരുടെ അമ്മമാരും.

ഇവരുടെ താല്പര്യം കണക്കിലെടുത്താണ് സ്‌കൂൾ മുൻകൈയെടുത്ത് ആകാശയാത്ര എന്ന പേരിൽ രണ്ടു ദിവസത്തെ തലസ്ഥാന സന്ദർശനം സജ്ജമാക്കിയത്. വിമാന മാർഗമാണ് ഇരു ഭാഗത്തേക്കുമുള്ള യാത്ര. ജനകീയമായാണ് യാത്രയ്ക്കുള്ള ധനസമാഹരണം നടത്തിയത്. തലസ്ഥാനത്ത്  പോലീസാണ് യാത്രയ്ക്കും താമസത്തിനുമുള്ള സൗകര്യമേർപ്പെടുത്തിയത്.

ആദ്യദിനം മന്ത്രിമാരായ കെ.കെ.ശൈലജ ടീച്ചർ, പ്രൊഫ. സി.രവീന്ദ്രനാഥ്, വി.എസ്.സുനിൽകുമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എന്നിവരെ സംഘം കണ്ടു. പ്രധാനാധ്യാപകൻ ബിനോയ്കുമാർ, പി.ടി.എ. പ്രസിഡന്റ് ബിജു കളത്തിൽ, വാർഡ് അംഗം വിജില മഹേഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ഹമീദ് പുതുക്കുടി, ഹനീഫ, പി.ടി.എ. വൈസ് പ്രസിഡന്റ് സൂരജ്, പത്തംഗ വോളന്റിയേഴ്സ് എന്നിവരാണ് സന്ദർശക സംഘത്തിലുള്ളത്.