നികുതി പിരിവ് ക്യാമ്പുകൾ നടത്തും
വസ്തുനികുതി കുടിശിക ഒറ്റത്തവണയായി അടയ്ക്കാൻ അവസരം നൽകി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവിറക്കി. മാർച്ച് 31നകം കുടിശിക മുഴുവൻ അടയ്ക്കുന്നവർക്ക് പിഴ ഒഴിവാക്കിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. സർക്കാർ, അർദ്ധ സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപന മേധാവികൾ ഉൾപ്പെടെ പിഴ ഒഴിവാക്കൽ ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
വസ്തു നികുതിയിളവ് ലഭിക്കാത്ത സർക്കാർ, അർദ്ധ സർക്കാർ, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എന്നിവർ വസ്തു നികുതി അടയ്ക്കണം. കുടിശിക സഹിതം വസ്തു നികുതി അടയ്ക്കുന്നുവെന്ന് സ്ഥാപന മേധാവികൾ ഉറപ്പുവരുത്തണം. വകുപ്പ് മേധാവികൾ ഇതുസംബന്ധിച്ച കർശന നിർദ്ദേശം അടിയന്തരമായി നൽകണമെന്ന് ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നൂറു ശതമാനം നികുതി പിരിവ് ഉറപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിൽ നികുതി പിരിവ് ക്യാമ്പുകൾ സംഘടിപ്പിക്കും. ഡയറക്ടർമാർ, നഗരകാര്യ മേഖല ജോയിന്റ് ഡയറക്ടർമാർ ക്യാമ്പുകളുടെ ഏകോപനം നിർവഹിക്കും. പൊതുജനങ്ങൾക്കും സ്ഥാപന ഉടമകൾക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിന് തദ്ദേശസ്ഥാപന തലത്തിലും ഡെപ്യൂട്ടി ഡയറക്ടർ, നഗരകാര്യ മേഖല ജോയിന്റ് ഡയറക്ടർമാരുടെ ഓഫീസുകളിലും ഹെൽപ് ഡെസ്ക് ആരംഭിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ പരിഹരിക്കാവുന്ന പരാതികൾ ഉടൻ തീർപ്പാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.