തിരുവനന്തപുരം: ജൈവകൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമായി കൃഷിവകുപ്പ് ആരംഭിച്ച ജീവനി പദ്ധതിയുടെ വട്ടിയൂർക്കാവ് മണ്ഡലംതല ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിച്ചു. അടുത്ത് അഞ്ച് വർഷത്തിനുള്ളിൽ ജൈവപച്ചക്കറി ഉദ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

പച്ചക്കറി കൃഷിക്ക് ആവശ്യമായ എല്ലാ സഹായവും തൊട്ടടുത്തുള്ള കൃഷിഭവൻ വഴി ലഭിക്കും. പഴയകാല കാർഷിക സംസ്‌കാരം തിരികെപിടിക്കുന്നതിലൂടെ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലത്തിലുടനീളം പദ്ധതി നടപ്പാക്കുമെന്നും ഇതിനായി നഗരസഭയുടെ സഹായം തേടുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച് വി.കെ പ്രശാന്ത് എം.എൽ.എ പറഞ്ഞു.

മേയർ കെ. ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി. ബാബു, മുട്ടട കൗൺസിലർ ഗീത ഗോപാൽ, കുറവൻകോണം വാർഡ് കൗൺസിലർ ആർ.എസ് മായ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.