സാമൂഹ്യപരിഷ്‌കരണത്തിന് ആർജവത്തോടെ കവിസിദ്ധി ഉപയോഗിച്ച പോരാളിയാണ് മൂലൂർ-മന്ത്രി കടകംപള്ളി സുരേന്ദ്രൻ

സാമൂഹ്യപരിഷ്‌കരണത്തിന് ആർജവത്തോടെ പോരാടാൻ കവിസിദ്ധി ഉപയോഗിച്ച പോരാളിയാണ് മൂലൂർ എസ്. പത്മനാഭപ്പണിക്കരെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സരസകവി മൂലൂർ എസ്. പത്മനാഭപ്പണിക്കരുടെ 150 ാം ജയന്തി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും മൂലൂരിന്റെ ഛായാചിത്ര അനാച്ഛാദനവും നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാള സാഹിത്യത്തിൽ പുതിയൊരു കാലഘട്ടത്തിന്റെ പിറവിക്ക് പശ്ചാത്തലമൊരുക്കി സാംസ്‌കാരിക നവോത്ഥാനത്തിന് നേതൃത്വം കൊടുത്ത ധീരസാഹസികനായിരുന്ന മൂലൂരിന്റെ ഓർമകൾ പുരോഗമന കേരളത്തിനാകെ കരുത്താണ്. രാജ്യത്താകമാനം നവോത്ഥാന മൂല്യങ്ങളെ ചവുട്ടിമെതിക്കാനും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പുനരാനയിക്കാനും സംഘടിതശ്രമം നടക്കുന്ന സന്ദർഭത്തിൽ മൂലൂരിനെ ഓർക്കുന്നത് ആവേശദായകമാണ്.

അദ്ദേഹത്തിന്റെ ‘കവിരാമായണ’ത്തിനെതിരെ സവർണകവികളുടെ എതിർപ്പും കടന്നാക്രമണവും ഉണ്ടായപ്പോൾ ഒറ്റയ്ക്ക് അദ്ദേഹമത് നേരിട്ടു. പത്മനാഭപ്പണിക്കർ ഈ സാഹിത്യപ്പോരിൽ കാട്ടിയ ധൈര്യവും യുക്തിബോധവും കവിത്വവാസനയും കണ്ടാണ് കേരളവർമ വലിയകോയിത്തമ്പുരാൻ അദ്ദേഹത്തിന് ‘സരസകവിപ്പട്ടം’ നൽകിയത്. ശ്രീനാരായണഗുരുവിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് അദ്ദേഹം സാമൂഹ്യപുരോഗതിക്കായി സാഹിത്യമുപയോഗിച്ചത്.

ദന്തഗോപുരത്തിലിരുന്ന് സാഹിത്യസൃഷ്ടിമാത്രം ചെയ്തുപോന്ന സ്വപ്നജീവിയായിരുന്നില്ല മൂലൂർ. സമൂഹമധ്യത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉച്ഛാടനം ചെയ്യാൻ അദ്ദേഹം സർവകഴിവുകളും വിനിയോഗിച്ചുവെന്നും മന്ത്രി പറഞ്ഞു. സമൂഹമാറ്റത്തിനുവേണ്ടി പടപൊരുതിയ വിപ്ലവകവിയാണ് മൂലൂരെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കർ വി.ശശി പറഞ്ഞു.

ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതി അധ്യക്ഷ ഇ.എസ്. ബിജിമോൾ എം.എൽ.എ, മുല്ലക്കര രത്നാകരൻ എം.എൽ.എ, മൂലൂർ ഫൗണ്ടേഷൻ ചെയർമാൻ ഡോ: ജോർജ് ഓണക്കൂർ, വൈസ് ചെയർമാൻ പ്രഭാവർമ്മ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ സ്വാഗതവും മൂലൂർ ഫൗണ്ടേഷൻ സെക്രട്ടറി പ്രൊഫ: എം.ആർ. സഹൃദയൻ തമ്പി കൃതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് നടന്ന കവിയരങ്ങിൽ പ്രൊഫ: വി. മധുസൂദനൻ നായർ, മുരുകൻ കാട്ടാക്കട, ഡോ: എസ്.വി. ആര്യാംബിക, സുമേഷ് കൃഷ്ണൻ എന്നിവർ സംബന്ധിച്ചു. അനാച്ഛാദനം ചെയ്ത മൂലൂരിന്റെ ഛായാചിത്രം നിയമസഭാ മ്യൂസിയത്തിൽ സ്ഥാപിക്കും.