ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തിന്റെ എഴുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വി.ജെ.റ്റി ഹാളില്‍ നടക്കുന്ന ഗാന്ധിസ്മൃതി പ്രദര്‍ശനം കാണാന്‍ ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെത്തി. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു എന്നിവര്‍ ചേര്‍ന്ന് ഗുഷാര്‍ ഗാന്ധിയെ സ്വീകരിച്ച് പ്രദര്‍ശനം കാണിച്ചു.
രാജ്യത്ത് അസഹിഷ്ണത പടര്‍ത്തുവാന്‍ ശിഥില ശക്തികള്‍ മത്സരിക്കുന്ന ഇക്കാലത്ത് മഹാത്മജിയുടെ ഓര്‍മകളുണര്‍ത്തുന്ന ഇത്തരം പരിപാടികള്‍ ക്ക് വളരെയേറെ പ്രസക്തിയുണ്ടെന്ന് തുഷാര്‍ ഗാന്ധി പറഞ്ഞു. ഗാന്ധിജിയുടെ ജീവിതമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ വീഡിയോകളും ചിത്രങ്ങളും മനോഹരമായി പ്രദര്‍ശനത്തില്‍ അടുക്കിവച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ഗാന്ധിജിയുടെ ഓര്‍മകളുണര്‍ത്തുന്ന ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു.
എം.വി.തോമസ് രചിച്ച് മീഡിയാ അക്കാദമി പ്രസിദ്ധീകരിച്ച മലയാളം ന്യൂസ് പേപ്പേഴ്‌സ് ആന്‍ഡ് ഫ്രീഡം മൂവ്‌മെന്റ് ഇന്‍ കേരള എന്ന ഗ്രന്ഥം മന്ത്രി തുഷാര്‍ ഗാന്ധിക്ക് സമ്മാനിച്ചു. കാര്‍ട്ടൂണിസ്റ്റുകളായ സുകുമാര്‍, സുധീര്‍നാഥ്, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.