ആന്തൂരില്‍ ഡിസംബര്‍  20 മുതല്‍ 31 വരെ നടന്ന ദേശീയ സരസ് മേളയിലെ മികച്ച റിപ്പോര്‍ട്ടിങ്ങിന്  പത്ര ദൃശ്യമാധ്യമങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. സരസ് സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ ജയിംസ് മാത്യു എം എല്‍ എ  പുരസ്‌കാര വിതരണം നിര്‍വഹിച്ചു.

പ്രളയം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഒന്നിലേറെ തവണ മാറ്റി വയ്ക്കപ്പെട്ടിട്ടും സരസ് മേള വന്‍ വിജയമാക്കാന്‍ സാധിച്ചതില്‍ മാധ്യമങ്ങളുടെ പങ്ക് വളരെ വലുതാണെന്ന് എം എല്‍ എ പറഞ്ഞു.   ഗ്രാമപ്രദേശമായിട്ടു പോലും മികച്ച പങ്കാളിത്തം ഉണ്ടായത്  മാധ്യമങ്ങളുടെ കൃത്യമായ ഇടപെടലുകളിലൂടെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മികച്ച പത്ര റിപ്പോര്‍ട്ടിങ്ങിനുള്ള പ്രശംസാപത്രവും ഉപഹാരവും ക്യാഷ് അവാര്‍ഡും ദേശാഭിമാനി റിപ്പോര്‍ട്ടര്‍ ജസ്‌ന ജയരാജും ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം സീല്‍ ടി വി റിപ്പോര്‍ട്ടര്‍ ശ്രീജിത് കൊയ്യവും ഏറ്റുവാങ്ങി. സമഗ്ര കവറേജിനുള്ള പത്ര മാധ്യമ പുരസ്‌കാരം ദേശാഭിമാനി ബ്യൂറോ ചീഫ് കെ ടി ശശി, മലയാള മനോര ബ്യൂറോ ചീഫ് ജോജി സൈമണ്‍ എന്നിവര്‍ സ്വീകരിച്ചു. സമഗ്ര കവറേജിനുള്ള ദൃശ്യമാധ്യമ പുരസ്‌കാരം സീല്‍ ടി വി എം ഡി കെ എം അജയകുമാര്‍ ഏറ്റുവാങ്ങി. മികച്ച കവറേജിനുള്ള സ്‌നേഹോപഹാരം കണ്ണൂര്‍ വിഷന്‍, മാതൃഭൂമി, മീഡിയ വണ്‍ എന്നീ സ്ഥാപന പ്രതിനിധികള്‍  ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, കുടുംബശ്രീ ജില്ലാ മിഷന്‍  കോ ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്, കുടുംബശ്രീ മിഷന്‍ സംസ്ഥാന ഗവേണിങ് ബോഡി അംഗം എ കെ രമ്യ, ജില്ലാ പഞ്ചായത്ത്  സ്ഥിരം സമിതി  അധ്യക്ഷന്മാരായ ടി ടി റംല, കെ പി ജയ ബാലന്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.