*സംരംഭകർക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു
മൂല്യവർധിത കാർഷികോല്പന്നങ്ങളുടെ പായ്ക്കിംഗിൽ അന്താരാഷ്ട്ര നിലവാരം പുലർത്താനാകണമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ. ഉല്പന്നങ്ങളുടെ പ്രകൃതി ദത്തമായ ഗുണങ്ങൾക്ക് കോട്ടം തട്ടാതെയുള്ള പായ്ക്കിംഗ് രീതി അവലംബിക്കണമെന്നും മന്ത്രി പറഞ്ഞു. സമേതിയിൽ പൊതു സ്വകാര്യ മേഖലയിലെ സംരംഭകർക്കായി പായ്ക്കിംഗിലെ നൂതന പ്രവണതകൾ സംബന്ധിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിപണി കണ്ടെത്തുക എന്നതാണ് സംരംഭകർ നേരിടുന്ന പ്രധാന പ്രശ്നമെന്നും മികച്ച പായ്ക്കിംഗിലൂടെ ഇതിന് പരിഹാരം കാണാനാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഫാമുകളിൽ പൊതുവായ പായ്ക്കിംഗ് രീതി അവലംബിക്കണം. കൃഷി സുസ്ഥിരമായി വികസിക്കാൻ മൂല്യവർധനവ് ഉണ്ടാകണം. ഇതിനായി കർഷകരും ഗവേഷണ സ്ഥാപനങ്ങളും സംരംഭകരും ഒരുമിച്ച് നിൽക്കണം. കൃഷി അനുബന്ധ മേഖലകളിൽ കേരളത്തിലെ തലമുറ കടന്നു വരണമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശീലന പ്രവർത്തനങ്ങൾ നടന്നത്. വൈഗ 2020 ൽ നിന്നും ഉരുത്തിരിഞ്ഞ പ്രധാന ആവശ്യമായിരുന്നു സംരംഭകർക്ക് പായ്ക്കിംഗിൽ പരിശീലനം നൽകണമെന്നത്. പരിശീലന പരിപാടി പൂർത്തിയാകുന്നതോടെ ഇതിൽ നിന്ന് ഉയരുന്ന ആശയങ്ങൾ ഉൾപ്പെടുത്തി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗുമായി ധാരണപത്രം ഒപ്പിടാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. ചെന്നൈ ഐ.ഐ.പി. ഡെപ്യൂട്ടി ഡയറക്ടർ എൻ.ബി. ലാൽവാനി, എസ്.എഫ്.എ.സി. മാനേജിംഗ് ഡയറക്ടർ ബാബു ടി. ജോർജ്, കെ.എം. ഭാസ്‌കരൻ, രജത വി. തുടങ്ങിയവർ സംബന്ധിച്ചു.