തൃശ്ശൂർ: ദേശീയ വിരവിമുക്തി ദിനത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സ്‌കൂളുകളും അങ്കണവാടികളും വഴി ഒന്നു മുതൽ 19 വരെ വയസുള്ള 711561 കുട്ടികൾക്ക് വിരക്കെതിരെ ആൽബൻഡസോൾ ഗുളിക നൽകും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പറപ്പൂർ സെൻറ് ജോൺസ് ഹൈസ്‌കൂളിൽ തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധ രവീന്ദ്രൻ നിർവ്വഹിച്ചു. തോളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീകല കുഞ്ഞുണ്ണി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി വി സതീശൻ, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
പൊതുശുചിത്വ നിലവാരത്തിന്റെയും ശുചിത്വ ശീലങ്ങളുടെയും അപര്യാപ്തത മൂലം നമ്മുടെ നാട്ടിൽ മണ്ണിലൂടെ പകരുന്ന വിരശല്യം സർവസാധാരണമാണ്. ഇത് ദോഷകരമായി ബാധിക്കുന്നത് കുട്ടികളെയാണ്. വൃത്തിഹീനമായ കൈകൾ ഉപയോഗിച്ച് ആഹാരം കഴിക്കുമ്പോഴും കളികളിൽ ഏർപ്പെടുമ്പോഴും ശുചിത്വമില്ലാത്ത പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോഴും ശരീരത്തിൽ വിരകൾ ധാരാളമായി പ്രവേശിക്കുന്നുണ്ട്.
ശരീരത്തിൽ പ്രവേശിക്കുന്ന വിരകൾ ആഹാരത്തിലെ പോഷകമൂല്യത്തിന്റെ വലിയൊരു അളവ് ചോർത്തിയെടുക്കുന്നത് മൂലം കുട്ടികളിൽ വിളർച്ച, വളർച്ചക്കുറവ്, പ്രസരിപ്പ് ഇല്ലായ്മ, പഠനത്തിൽ ഏകാഗ്രത നഷ്ടപ്പെടുക തുടങ്ങിയവ അനുഭവപ്പെടുന്നു. ഇതവരുടെ പഠനത്തെയും കായികപ്രവർത്തനങ്ങളെയും ബാധിക്കുകയും ചെയ്യും. വിരബാധ ദീർഘനാൾ നീണ്ടു നിൽക്കുന്നത് അവരുടെ ശാരീരിക, മാനസിക വളർച്ചയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
ശുചിത്വ ശീലങ്ങൾ കർശനമായി പാലിക്കുകയും ആറ് മാസം ഇടവിട്ട് വിരക്കെതിരെയുള്ള ആൽബൻഡസോൾ ഗുളിക കഴിക്കുകയുമാണ് ഇതിനുള്ള പ്രതിവിധി. വിരശല്യം മുഖ്യമായും കുട്ടികളെ ബാധിക്കുന്നതിനാൽ എല്ലാ കുട്ടികളും ഈ ഗുളികകൾ ഒരേ ദിവസം കഴിക്കുമ്പോൾ കുട്ടികളുടെ വിസർജ്ജ്യത്തിൽ വിരകളുടെയും, വിരമുട്ടകളുടെയും സാന്ദ്രത ഇല്ലാതാകുകയും, മണ്ണിലുള്ള വിരസാന്ദ്രത കുറയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് വിരവിമുക്ത ദിനം ആചരിച്ചു കൊണ്ട് ഒന്നു മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഒരേ ദിവസം തന്നെ വിരക്കെതിരെയുള്ള ഗുളികകൾ നൽകാൻ നിർദ്ദേശിക്കുന്നത്.