മൂക്കന്നൂരില്‍ രാത്രി നടത്തം വനിത മുന്നേറ്റമായി
അങ്കമാലി: പൊതുഇടങ്ങള്‍ തങ്ങളുടേത് കൂടി ആണെന്ന് പ്രഖ്യാപിച്ചു കൊണ്ട് മൂക്കന്നൂരിന്റെ തെരുവുകള്‍ ഒരു രാത്രി കീഴടക്കി വനിതകള്‍. സംസ്ഥാന വനിത, ശിശുവികസനവകുപ്പിന്റെ ആഹ്വാനപ്രകാരം ഐ.സി.ഡി.എസ് അങ്കമാലി പ്രോജക്ടിന്റെ നേതൃത്വത്തില്‍ മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടേയും കുടുംബശ്രീ സി.ഡി.എസിന്റെയും സഹകരണത്തോടെ മൂക്കന്നൂരിന്റെ പ്രധാന തെരുവുകളില്‍ രാത്രി വനിതകളുടെ നടത്തം സംഘടിപ്പിച്ചു.
  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണന്‍, സ്ഥിരം സമിതി അദ്ധ്യക്ഷകളായ ലീലാമ്മ പോള്‍, ജിഷാ ജോജി, അംഗങ്ങളായ ഡെയ്‌സി ഉറുമീസ്, സ്വപ്ന ജോയി, ബീന ജോണ്‍സണ്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ടി.എ.മനീഷ, എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിത രാത്രി നടത്തം അഡ്വ.സജി മാടശ്ശേരി ഉദ്ഘാടനം ചെയ്തു.
  പാലാ കവല, പള്ളിപ്പടി, ചൂളപ്പുര, മലഞ്ചരക്ക്, ആശുപത്രിപ്പടി എന്നിവിടങ്ങളില്‍ കുടുംബിനികളുടെ നേതൃത്വത്തില്‍ സ്വീകരണങ്ങളും ഒരുക്കിയിരുന്നു. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് തുടങ്ങിയ യാത്രകള്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ഒത്തുകൂടി അഗ്നിജ്വാല തെളിയിച്ചാണ് സമാപിച്ചത്.