ക്ഷീര വികസനരംഗത്തെ കേരളത്തിന്റെ ഇടപെടൽ പ്രശംസനീയമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്ഷീര വികസന സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ക്ഷീരകർഷകർക്ക് ഏറ്റവും കൂടുതൽ വില നൽകി പാൽ സംഭരിക്കുന്നത് കേരളത്തിലാണ്. ക്ഷീര സഹകരണ മേഖലയെ ശക്തിപ്പെടുത്താൻ അവധാനതയോടെയുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്.

ഡോ. വർഗീസ് കുര്യൻ നടപ്പാക്കിയ ധവളവിപ്ലവ മാതൃകയുടെ തുടർച്ച സ്ഥിരതയോടെയാണ് കേരളത്തിൽ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവാണ് ക്ഷീരമേഖല നടത്തുന്നത്. ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം.  കർഷകർക്ക് നവീന സങ്കേതിക വിദ്യകളിൽ നൈപുണ്യ പരിശീലനം നൽകണം. പാലിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുകയും കൂടുതൽ യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകർഷിക്കുകയും വേണമെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ആനന്ദ് മാതൃക ക്ഷീരസംഘങ്ങളുടെ ഭാവി എന്നതായിരുന്നു ഓപ്പൺ ഫോറത്തിന്റെ വിഷയം.

ക്ഷീരവികസന മന്ത്രി കെ.രാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ ഡോ.വല്ലഭായി കത്രിയ എം.പി, ബിനോയ് വിശ്വം എം.പി., നാഷണൽ കോ-ഓപ്പറേറ്റീവ് ഡയറി ഫെഡറേഷൻ ചെയർമാൻ മംഗൽജിത്ത് റായ്, അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ.സിംഗ്, മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. രാജൻ എന്നിവർ സംബന്ധിച്ചു.