കൊച്ചി: കേന്ദ്ര വിഹിതം ലഭിക്കാത്തതിനാൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം നൽകാൻ സാധിക്കുന്നില്ലെന്ന പരാതിയിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഹൈബി ഈഡൻ എം.പി. .കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് ഹൈബി ഈഡൻ എം.പി. ഉറപ്പു നൽകിയത്.

പി. എം.ജി.എസ്.വൈ വൈപ്പിൻ, പറവൂർ, ആലങ്ങാട് മേഖലകളിൽ സ്ഥലപരിമിതി മൂലം പദ്ധതി മാർഗ്ഗ നിർദേശ പ്രകാരമുള്ള റോഡുകൾ ഏറ്റെടുക്കാൻ സാധിക്കുന്നില്ലെന്ന പരാതിയും ദിശ മീറ്റിംഗിൽ ഉയർന്നു. റോഡിലെ നിലവിലെ അവസ്ഥ അറിയിക്കാൻ എം.പി. യോഗത്തിൽ ആവശ്യപ്പെട്ടു. എൻ.എസ്.എ.പി. പെൻഷൻ പദ്ധതിയിൽ മസ്റ്ററിംഗ് നടത്തുവാൻ സാധിക്കാത്തവർക്ക് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട് മസ്റ്ററിംഗിന് അവസരം നൽകുന്ന കാര്യം അറിയിക്കുമെന്ന് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൊച്ചി കോർപ്പറേഷനിലെ വഴിയോര കച്ചവടക്കാരെ തെരഞ്ഞെടുക്കുന്നതിന് കൃത്യമായ മാനദണ്ഡം നിശ്ചയിക്ക്ണമെന്ന് എം.പി. നിർദ്ദേശിച്ചു.

വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവ്വഹണ പുരോഗതി ബന്ധപ്പെട്ട ജില്ലാ ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് കൊച്ചി നഗരസഭയിലും പരിസര പ്രദേശങ്ങളിലുമായി ആറ് ചാർജ്ജിംഗ് യൂണിറ്റുകൾ ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി എഞ്ചിനീയർ അറിയിച്ചു.

100 ശതമാനം സബ്സിഡിയോടെയാണ് ഇത് അനുവദിക്കുന്നത്. പോക്സോ കോടതി സ്ഥാപിക്കുന്നനതിന് സ്ഥലം കണ്ടെെത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും സ്കൂളുകളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകൾ നടത്തുന്നതിന് സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ട് ക്ലാസ് നടത്താൻ സഹായം നൽകാമെന്നും എം.പി.അറിയിച്ചു.
എം.എൽ.എമാരായ കെ.ജെ. മാക്സി , ടി.ജെ വിനോദ് , ഡെപ്യൂട്ടി കളക്ടർ സന്ധ്യാദേവി , ദിശ കൺവീനർ ട്രീസ ജോസ് എന്നിവർ പങ്കെടുത്തു.