കാക്കനാട്: കൊറോണ രോഗബാധ സംശയിച്ച് കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ യുവാവിനെ പ്രവേശിപ്പിച്ച സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ അടിയന്തര യോഗം ചേര്‍ന്നു. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനായുളള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുള്ളതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മലേഷ്യയില്‍ രണ്ടര വര്‍ഷമായി ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവിന് ചുമയും ശ്വാസതസ്സവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായ പരിശോധനയില്‍ യുവാവിന്റെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലായതിനെത്തുടര്‍ന്ന് കീറ്റോ അസിഡോസിസ് രോഗാവസ്ഥ ഉള്ളതായി കണ്ടെത്തി.

രോഗിക്ക് ശ്വാസതടസ്സവും ശ്വാസകോശങ്ങളില്‍ ന്യൂമോണിയ ബാധിച്ചിട്ടുള്ളതിനാലും രോഗിയുടെ അവസ്ഥ ഗുരുതരമായി തുടരുകയാണ്. എച്ച്1 എന്‍1, കോവിഡ്-19 പരിശോധനകള്‍ക്കായി സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്്റ്റിറ്റിയൂട്ടിലേക്ക് അയച്ചിട്ടുണ്ട്.