ജാതി, മത വര്‍ഗ്ഗീയ ചിന്തകളില്‍ നിന്ന് മാറി സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കുന്നതില്‍ കലാ സാംസ്‌കാരിക മേഖലയ്ക്ക് വലിയ പങ്കുണ്ടെന്ന്
തുറമുഖ, പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെറിയ കോട്ടമൈതാനത്ത് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തെ അശാന്തമാക്കുന്ന പ്രവര്‍ത്തികളില്‍ നിയമം കൊണ്ടുമാത്രം മാറ്റമുണ്ടാക്കാന്‍ കഴിയില്ല.സ്വതന്ത്ര ചിന്തയും, പ്രവര്‍ത്തിയും വെല്ലുവിളി നേരിടുകയാണ്. കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് വലിയ ഉത്തരവദിത്വമുണ്ട്. ഗാന്ധിജിയുടെ മാര്‍ഗ്ഗത്തിന് ഇന്നും പ്രസക്തിയുണ്ടാവുകയാണ്. സംസ്ഥാനത്തെ പിന്നാക്ക, മത ന്യൂനപക്ഷ വിഭാഗത്തെ പുരോഗതിയിലേക്ക് നയിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ അതിന്റെ ലക്ഷ്യത്തില്‍ കൃത്യമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. സര്‍ക്കാരിന്റെ ഇടപെടല്‍ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കിയെന്നും പറഞ്ഞു.

ബിസിഡിസി മേളയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനുള്ള പുരസ്‌കാരം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ .കെ .ഉണ്ണികൃഷ്ണന്‍ ഏറ്റുവാങ്ങി. ഒ.വി വിജയന്‍ സ്മാരക സമിതിക്കായി സെക്രട്ടറി ടി.ആര്‍ അജയന്‍ എറ്റുവാങ്ങി.

കെ.എസ്.ബി.സി.ഡി.സി. ചെയര്‍മാന്‍ ടി.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ‘മാനവിക സംസ്‌കാരം’ എന്ന വിഷയത്തില്‍ ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. രഘുനാഥന്‍ പറളി മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയില്‍ കെ.എസ്. ബി.സി.ഡി.സി. മാനേജിങ്ങ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്‌ക്കരന്‍,ജി.സജിത്ത് ,ടി.ആര്‍. അജയന്‍,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് സിയ അല്‍ ഹഖ്, ഷിജു കുമാര്‍ എന്നിവര്‍ നയിച്ച ഹസ്റത്ത് ഖവാലി ഗ്രൂപ്പിന്റെ സൂഫി ഗാന നിശയും ന്യൂ വേവ്സ് ഡാന്‍സ് കമ്പനി അവതരിപ്പിച്ച ഗാനസന്ധ്യ, മിമിക്രി, ഡാന്‍സ് ഉള്‍പ്പെടെയുള്ള മെഗാഷോയും അരങ്ങേറി.