അങ്കമാലി: അന്തര്‍ദേശീയ വനിത ദിനാഘോഷത്തോടനുബന്ധിച്ച് മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാവാരാഘോഷം സമാരംഭിച്ചു.
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് കെ.പി.ഹോര്‍മ്മിസ് മെമ്മോറിയല്‍ ഹാളില്‍ നടന്ന ഉദ്ഘാടനചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ഫിസാറ്റ് ചെയര്‍പേഴ്സണ്‍ പി.അനിത വനിതാ വാരാഘോഷം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു പാലാട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം.വര്‍ഗ്ഗീസ്,, ശിശു വികസന പദ്ധതി സൂപ്പര്‍വൈസര്‍ ടി.എ.മനീഷ എന്നിവര്‍ പ്രസംഗിച്ചു.
മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ 208 അയല്‍ക്കൂട്ടങ്ങളിലായി 2903 വനിതകള്‍ കുടുംബശ്രീ അംഗങ്ങളായിട്ടുണ്ട്. വനിതാവാരാഘോഷത്തിന്റെ ഭാഗമായി 208 അയല്‍ക്കൂട്ടങ്ങളും മാര്‍ച്ച് 7 ന് രാത്രിയില്‍ സ്പെഷ്യല്‍ അയല്‍ക്കൂട്ടങ്ങള്‍ സമ്മേളിക്കും. വനിതാവാരാഘോഷത്തോടനുബന്ധിച്ച് വാര്‍ഡുകളില്‍ വനിതാശാക്തീകരണ സെമിനാറുകളും ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിച്ചിട്ടുണ്ട്.