കശുവണ്ടി വ്യവസായികളുടെ വായ്പ കുടിശ്ശികയ്ക്ക് ഒരു വര്‍ഷത്തെ മൊറോട്ടോറിയം കൊടുക്കുന്ന കാര്യം ബാങ്കുകള്‍ പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. വ്യവസായികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജുമായി ബന്ധപ്പെട്ട് സംസ്ഥാനതല ബാങ്കേഴ്സ് സമിതി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

അര്‍ഹതയുള്ള എല്ലാ കശുവണ്ടി വ്യവസായങ്ങള്‍ക്കും അധിക വായ്പ അനുവദിക്കണം. അനുവദിക്കുന്ന വായ്പ പലിശയില്‍ തട്ടിക്കിഴിക്കുന്നത് ഒഴിവാക്കണം. അധിക വായ്പ അനുവദിക്കുമ്പോഴും വായ്പ പുനഃക്രമീകരിക്കുമ്പോഴും പിഴപ്പലിശ പൂര്‍ണ്ണമായും ഒഴിവാക്കാനാകണം. ഒറ്റത്തവണ തീര്‍പ്പാക്കുമ്പോള്‍ പലിശയും പിഴപ്പലിശയും പൂര്‍ണ്ണമായും ഒഴിവാക്കി മുതലിന്‍റെ നിശ്ചിത ശതമാനം തവണകളായി അടച്ചുതീര്‍ക്കാന്‍ സൗകര്യം ചെയ്യാവുന്നതാണ്. ഒരു വര്‍ഷത്തെ സാവകാശം നല്‍കിയാല്‍ പലരും ഒറ്റത്തവണ തീര്‍പ്പാക്കാന്‍ സന്നദ്ധരാകും. അക്കാര്യത്തില്‍ നടപടിയുണ്ടാകണം.

നേരത്തെ എടുത്ത തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താന്‍ ബാങ്കുകള്‍ ക്രിയാത്മകമായി കശുവണ്ടി വ്യവസായികളുമായി സഹകരിക്കണമെന്ന് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു.

സ്വകാര്യ കശുവണ്ടി വ്യവസായം നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പുനഃരുദ്ധാരണ പാക്കേജ് സര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ വ്യവസ്ഥയനുസരിച്ച് വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറായില്ല. സമയബന്ധിതമായി വായ്പ കൊടുക്കാതെ തടസ്സങ്ങള്‍ പറയുന്നത് വ്യവസായത്തെ തളര്‍ത്തുകയാണ്. വ്യവസായികള്‍ മാത്രമല്ല തൊഴിലാളികളും ഈ മേഖലയിലെ പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി സംസ്ഥാനതല ബാങ്കേഴ്സ് സമിതി പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്തത്.

കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക്, കശുവണ്ടി വ്യവസായ വകുപ്പ് സെക്രട്ടറി കെ. ഗോപാലകൃഷ്ണ ഭട്ട്, കേരള കാഷ്യൂ ബോര്‍ഡ് സി.എം.ഡി. മാരപാണ്ഡ്യന്‍, സംസ്ഥാനതല ബാങ്കേഴ്സ് സമിതി ജനറല്‍ മാനേജര്‍ അജിത് കൃഷ്ണന്‍, വിവിധ ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.