സില്‍ക്കോ സഹകരണ സംഘത്തിന്റെ കീഴിലുളള പാലക്കാട് ‘ഊര്‍ജ്ജമിത്ര’ കുഴല്‍മന്ദം ഇ.പി. ടവറില്‍ നടത്തിയ ജില്ലാതല ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിനുമോള്‍ അധ്യക്ഷയായി. അസി. പ്രൊഫസര്‍ ജിഷ്ണു ഫാല്‍ഗുനന്‍ ക്ലാസെടുത്തു. ആഗോള ഊര്‍ജ്ജ പ്രതിസന്ധിക്ക് ശാശ്വതപരിഹാരം കാണുന്നതിന് വേണ്ടി പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ധാരാളം നൂതനപദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

പ്രകൃതിയുടെ സന്തുലിനാവസ്ഥ നിലനിര്‍ത്തുന്നതിനും, ഊര്‍ജ്ജ ലഭ്യത, കാലാവസ്ഥ വ്യതിയാനം, ആഗോളതാപനം തുടങ്ങിയ പ്രതിഭാസങ്ങളെ ഫലപ്രദമായി നേരിടുന്നതിനും സോളാര്‍ സ്മാര്‍ട്ട്, സോളാര്‍ കണക്ട്, സോളാര്‍ സ്ട്രീറ്റ് ലൈറ്റ്, സോളാര്‍ ഹോം സിസ്റ്റം, സോളാര്‍ വാര്‍ട്ടര്‍ ഹീറ്റര്‍, ബയോഗ്യാസ് പ്ലാന്റ്, സോളാര്‍ റാന്തല്‍, പുകയില്ലാത്ത അടുപ്പ് എന്നിങ്ങനെ വിവിധ പദ്ധതികളാണ് സില്‍ക്കോ സഹകരണ സംഘത്തിന്റെ കീഴില്‍ നടപ്പിലാക്കുന്നത്. പ്രകൃതിവിഭവ ഊര്‍ജ്ജസംരക്ഷണവും, ഊര്‍ജ്ജ ഉപകരണങ്ങളെ സംബന്ധിച്ച് ബോധവത്കരണം, സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍, സഹകരണ, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ഊര്‍ജ്ജഉപകരണങ്ങള്‍ തിരഞ്ഞെടുക്കാനും സ്ഥാപിക്കുന്നതിനും പരിപാലനത്തിനും സാങ്കേതിക സഹായം നല്‍കുന്നതിനുമായാണ് ഊര്‍ജ്ജസംരക്ഷണ ബോധവത്കരണ സെമിനാര്‍ ലക്ഷ്യമിട്ടത്. സംഘം പ്രസിഡന്റ് സേതുമാധവന്‍, റിട്ട. കെ.എസ്.ഇ.ബി. എഞ്ചിനീയര്‍ രാമകൃഷ്ണന്‍, ജോയിന്റ് രജിസ്ട്രാര്‍ സഹകരണസംഘം അനിത ടി. ബാലന്‍, സഹകരണ സംഘം അസി. ഡയറക്ടര്‍ അജിത്ത്കുമാര്‍, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രേംരാജ് എന്നിവര്‍ സംസാരിച്ചു.