തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്ന വിദ്യാഭ്യാസ-കായിക പ്രവർത്തനങ്ങൾ മാതൃകയാണെന്ന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജൻ. ജില്ലാ വികസനോത്സവത്തിന്റെ ഭാഗമായി  ‘അറിവിന്റെ മികവിൽ മാറുന്ന കേരളം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ വികസനരംഗത്ത് നൂതനാശയങ്ങളും ജനകീയ പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കാൻ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കഴിഞ്ഞിട്ടുണ്ട്. 1000 കോടി മുടക്കി കേരളത്തിന്റെ കായികരംഗത്തെ സർക്കാർ മികവുറ്റതാക്കി. എല്ലാ വിദ്യാർത്ഥികൾക്കും അവരവരുടെ സ്‌കൂളുകളിൽത്തന്നെ കായിക പരിശീലനം നടത്താനുള്ള സൗകര്യമൊരുക്കും. സ്‌കൂളുകളിൽ യോഗ പരിശീലനം അനിവാര്യമാണെന്നും ഇതിലൂടെ ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ വിദ്യാഭ്യാസം, കല, കായികം എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ജില്ലാ പഞ്ചായത്ത് അംഗം ബെൻഡാർവിൻ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വി. കാർത്തികേയൻ നായർ എന്നിവർ സംബന്ധിച്ചു.