കൊല്ലം: കൃഷിഭൂമിയിലെ മണ്ണ് സംരക്ഷണവും നീരൊഴുക്കും സുഗമമാക്കാന്‍ ഇത്തിക്കരയില്‍ ഇനി കയര്‍ ഭൂവസ്ത്രവും. മണ്ണില്ലാകൃഷി പോലുള്ള നൂതന കാര്‍ഷിക രീതികള്‍ ആവിഷ്‌കരിച്ച് വിജയിച്ച ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലാണ് ഈ ജൈവ ആവരണം കാണാനാകുക. ചകിരിയില്‍ നീളത്തിലും വീതിയിലും  നെയ്ത അരിപ്പകളോട് കൂടിയ മണ്ണ് സംരക്ഷണ കവചമാണ് കയര്‍ ഭൂവസ്ത്രം.  മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി കയര്‍ ഫെഡിന്റെ സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് പിറകിലെ ഒരേക്കര്‍ ഭൂമിയിലാണ് കയര്‍ ഭൂവസ്ത്രം വിരിച്ചത്. ഭൂമിയെ തട്ടുകളായി തിരിച്ച് കയ്യാല കെട്ടി അതിന് മുകളിലായാണ് കയര്‍ ഭൂവസ്ത്രം സ്ഥാപിച്ചത്.

മണ്ണിന്റെ ഫലഭൂയിഷ്ഠതയും വളക്കൂറും വര്‍ധിപ്പിക്കുന്നതോടൊപ്പം  ജലക്ഷാമവും മണ്ണൊലിപ്പും തടയാമെന്നതും ഈ കൃഷി രീതിയുടെ മേ•കളാണ്. കൃഷിഭൂമിക്ക് സംരക്ഷണം ലഭിക്കുന്നതോടൊപ്പം കാലക്രമേണ ജൈവവളമായി കയര്‍ മണ്ണില്‍ സംസ്‌കരിക്കപ്പെടുന്നു. മണ്ണിലെത്തുന്ന ജലത്തെ കടത്തിവിടാനും ഖരരൂപത്തിലുള്ള തരികളെ മണ്ണിലുറപ്പിച്ചു നിര്‍ത്താനും ഇവയ്ക്ക് കഴിയും.  പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍  കറിവേപ്പ്, ചേന, ചേമ്പ്, കാച്ചില്‍, മരച്ചീനി എന്നീ വിളകളാണ് നട്ടത്. പത്തു പേരടങ്ങുന്ന തൊഴിലുറപ്പ് ഗ്രൂപ്പിനാണ് കൃഷിയുടെ പരിപാലന ചുമതല.

സര്‍ക്കാര്‍ ഓഫീസുകളില്‍ കൃഷി യൂണിറ്റുകള്‍ സ്ഥാപിക്കണമെന്ന ഉത്തരവിനോടൊപ്പം അനുകരണീയമായ ഒരു മാതൃക പൊതുജനങ്ങള്‍ക്ക് നല്‍കുകയാണ് ലക്ഷ്യമെന്ന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ലൈല പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷയായ ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗിരികുമാര്‍, ജയലക്ഷ്മി,  ചിറക്കര പഞ്ചായത്തംഗം ബി മധുസൂദനന്‍പിള്ള, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ശംഭു, ജോയിന്റ് ബി ഡി ഒ മാരായ അജയകുമാര്‍, സലില്‍, അരുണ, ജയശ്രീ, തൊഴിലുറപ്പ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.