സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 24 മുതല്‍ കോട്ടമൈതാനത്ത് നടന്നിരുന്ന പ്രദര്‍ശന- വിപണനമേള, ബി.സി.ഡി.എസ്. എക്സ്പോ 2020 ന് സമാപനമായി. സമാപന സമ്മേളനം കെ.എസ്.ബി.സി.ഡി.സി. ചെയര്‍മാന്‍ ടി.കെ. സുരേഷ്  ഉദ്ഘാടനം ചെയ്തു. ഇതുവരെ നടന്ന മേളകളില്‍ നിന്നും വ്യത്യസ്തമായി പങ്കാളിത്തം കൊണ്ടും വിപണനം കൊണ്ടും ബി.സി.ഡി.എസ്. മേള ശ്രദ്ധേയമായതായും പരമ്പരാഗത ഉത്പന്നങ്ങളുടെ വില്‍പ്പന ഗ്രാമങ്ങളില്‍ മാത്രം ഒതുങ്ങാതെ സാധാരണക്കാരന് വലിയ വിപണികള്‍ ഉണ്ടാക്കാന്‍ സാധിച്ചതായും ചെയര്‍മാന്‍ പറഞ്ഞു. മലപ്പുറം കിഴിശ്ശേരിയില്‍ നിന്നുള്ള പതിര്, നെല്ല്, പാള കൊണ്ട് അലങ്കാര വസ്തുക്കള്‍ നിര്‍മ്മിച്ച സ്റ്റാള്‍, പെരുമ്പാവൂരില്‍ നിന്നുള്ള ജൈവ സാനിറ്ററി നാപ്കിന്‍ സ്റ്റാള്‍, മലപ്പുറം വണ്ടൂരില്‍ അലങ്കാരമത്സ്യങ്ങളുടെ സ്റ്റാള്‍ എന്നിവ മേളയിലെ മികച്ച സ്റ്റാളുകളായി തിരഞ്ഞെടുത്തു. കെ.എസ്.ബി.സി.ഡി.സി. മാനേജിങ് ഡയറക്ടര്‍ കെ.ടി. ബാലഭാസ്‌കരന്‍, കെ.എസ്. ബി. സി.ഡി.സി മാനേജര്‍മാരായ സജിത്ത്, വേണുഗോപാല്‍,  ലതാ ഗോപാലന്‍, മുഹമ്മദ് ഹനീഫ എന്നിവര്‍ സംസാരിച്ചു.