മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഉദ്ഘാടനം ചെയ്തു. 2020-21 വര്‍ഷത്തില്‍ പഞ്ചായത്തില്‍ നടപ്പിലാക്കേണ്ട പദ്ധതികള്‍ സെമിനാറില്‍ അവതരിപ്പിച്ചു. ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടികളില്‍ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കുന്നതിനായി കോളനികള്‍ കേന്ദ്രീകരിച്ച് വാഹന സൗകര്യം ഏര്‍പ്പെടുത്തുക, അംഗന്‍വാടി അദ്ധ്യാപകര്‍ക്ക് ഗോത്ര ഭാഷ, കലാരൂപങ്ങള്‍ എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കുക.
എല്ലാ കുട്ടികള്‍ക്കും യൂണിഫോം നല്‍കുക തുടങ്ങിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ സെമിനാറില്‍ തീരുമാനിച്ചു. പഞ്ചായത്തില്‍ ഫാം സ്‌കൂള്‍ പദ്ധതി നടപ്പാക്കും. ബ്രഹ്മഗിരിയുമായി സംയോജിച്ച് നടപ്പിലാക്കുന്ന പദ്ധതിയില്‍ പഞ്ചായത്തില്‍ നിന്നും റിസോഴ്‌സ് പേഴ്‌സണ്‍മാരെ കണ്ടെത്തി കൃഷി വകുപ്പിന്റെയും കിലയുടെയും നേതൃത്വത്തില്‍ പരിശീലനം നല്‍കും. പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ കൃഷി ഇടങ്ങളില്‍ നേരിട്ടെത്തി കര്‍ഷകര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും.
കുട്ടികളുടെ സമഗ്ര വികസനം മുന്‍നിര്‍ത്തി നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളും ആദിവാസി വികസനത്തിനായി നടപ്പിലാ ക്കുന്ന പദ്ധതികളും തുടര്‍ന്ന് ഏറ്റെടുക്കാനും സെമിനാറില്‍ തീരുമാനിച്ചു. സര്‍ക്കാര്‍ നിര്‍ദേശിച്ച വിശപ്പ് രഹിത കേരളം പദ്ധതി, ടോയ്‌ലറ്റ് ബ്ലോക്ക് നിര്‍മ്മാണം എന്നിവയും പഞ്ചായത്തില്‍ നടപ്പിലാക്കും.ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സെമിനാറില്‍ പദ്ധതി രേഖ പ്രകാശനം ചെയ്തു. പ്രസിഡണ്ട് ബീന വിജയന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.അസൈനാര്‍, ജനപ്രതിനിധികള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.