തിരുവനന്തപുരം: ജില്ലാ പഞ്ചായത്തും ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളും മൃഗസംരക്ഷണ- ക്ഷീരവികസന മേഖലകളില്‍ നടപ്പാക്കുന്നത് മാതൃകാ പ്രവര്‍ത്തനങ്ങളാണെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു. ജില്ലാ വികസനോത്സവത്തിന്റെ ഭാഗമായി ‘കാര്‍ഷിക സ്വയം പര്യാപ്തതയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഏറ്റവും പുതിയ കന്നുകാലി സെന്‍സസ് പ്രകാരം കേരളത്തില്‍ പശുക്കളുടെ എണ്ണം 4 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. പോത്ത്, ആട്, കോഴി എന്നിവയുടെ എണ്ണവും വര്‍ദ്ധിച്ചു. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വരും കാലങ്ങളിലും മികച്ച പദ്ധതികള്‍ പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

സെമിനാറിന്റെ ഭാഗമായി മണ്ണ് ജലപരിപാലനം പുത്തന്‍ ആശയങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെയുള്ള കാര്‍ഷിക വികസനം, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വിഷയങ്ങളില്‍ അവതരണങ്ങള്‍ നടന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.പി മുരളി, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ താജുനിസ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.