ഗവേഷണരംഗത്തെ അതുല്യ സംഭാവനകൾ നൽകുന്ന കേരളീയർക്ക് അംഗീകാരവും പ്രോത്സാഹനവും നൽകുന്നതിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കൈരളി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.  പ്രൊഫ. എം. വിജയൻ, ഡോ. പുതുശ്ശേരി രാമചന്ദ്രൻ എന്നിവരാണ് പ്രഥമ പുരസ്‌കാരങ്ങൾക്ക് അർഹരായതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ അറിയിച്ചു.

പ്രമുഖ ശാസ്ത്രജ്ഞർക്ക് സമഗ്ര സംഭാവനയ്ക്ക് നൽകുന്ന കൈരളി ഗ്ലോബൽ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പ്രൈസ് ഫോർ റിസർചേഴ്‌സ് പുരസ്‌കാരമാണ് ബംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ അധ്യാപകനും ഗവേഷകനുമായിരുന്ന പ്രൊഫ. എം. വിജയനും കൈരളി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പ്രൈസ് ഫോർ റിസർച്ചേഴ്‌സ് പുരസ്‌കാരം അധ്യാപകൻ, കവി, ചരിത്രകാരൻ, സാഹിത്യകാരൻ, പരിഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനായ ഡോ. പുതുശ്ശേരി രാമചന്ദ്രനുമാണ്.
ഇന്ത്യയുടെ ഇതര ഭാഗങ്ങളിലും വിദേശ രാജ്യങ്ങളിലും പ്രവർത്തിക്കുന്ന കേരളീയരായ പ്രമുഖ ഗവേഷകർക്ക്/ ശാസ്ത്രജ്ഞർക്ക് നൽകുന്ന കൈരളി ഗ്ലോബൽ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പ്രൈസ് ഫോർ റിസർച്ചേഴ്‌സ് ജേതാവിന് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും നൽകും.

വിവിധ ശാസ്ത്ര ശാഖകൾ, സാമൂഹ്യശാസ്ത്ര ശാഖകൾ, ആർട്‌സ്, മാനവിക വിഷയങ്ങൾ എന്നീ മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് കേരളത്തിനുള്ളിൽ പ്രവർത്തിക്കുന്ന പ്രമുഖ ഗവേഷകർക്ക്/ ശാസ്ത്രജ്ഞർക്ക് ഏർപ്പെടുത്തിയ കൈരളി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവിന് രണ്ടര ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് ലഭിക്കുക.
ജീവശാസ്ത്ര രംഗത്തെ അതുല്യ സംഭാവനകൾക്ക് ഉടമയാണ് ചേർപ്പ് സ്വദേശിയായ പ്രൊഫ. എം. വിജയൻ.  2004ൽ പദ്മശ്രീ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.  2007 മുതൽ 2010 വരെ ദേശീയ ശാസ്ത്ര അക്കാദമിയുടെ അധ്യക്ഷനായി പ്രവർത്തിച്ചിരുന്നു.  ശാന്തി സ്വരൂപ് ഭട്‌നാഗർ പുരസ്‌കാരം ഉൾപ്പെടെ ദേശീയ-അന്തർദേശീയ പ്രശസ്തമായ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

മലയാളമുൾപ്പെടുന്ന ദ്രാവിഡ ഭാഷകളെ സംബന്ധിക്കുന്ന ഗവേഷണങ്ങളിൽ അഗ്രഗാമിയാണ് ഡോ. പുതുശ്ശേരി രാമചന്ദ്രൻ.  ഭാഷാ അധ്യാപകനായും കവിയായും പരിഭാഷകനായും ഭാഷാ ഗവേഷണ രംഗത്തെ നിരവധി പ്രസ്ഥാനങ്ങളുടെ ചുമതലക്കാരനായും ഏഴു പതിറ്റാണ്ടുകളായി കേരളീയ ഭാഷാ സാഹിത്യ രംഗങ്ങളിലെ നിറസാന്നിധ്യമാണദ്ദേഹം.  എഴുത്തച്ഛൻ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പ്, ഭാഷാ സമ്മാൻ പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

അവാർഡുകളുടെ നിർവഹണ ചുമതല കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിനാണ്.  ബംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പ്രൊഫ. പി. ബലറാം അധ്യക്ഷനും പ്രൊഫ. പ്രഭാത് പട്‌നായിക്, ഡോ. കെ. സച്ചിദാനന്ദൻ, ബംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഡോ. ഇ.ഡി. ജെമ്മീസ് എന്നിവർ അംഗങ്ങളായ പുരസ്‌കാര നിർണ്ണയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.