പ്രതിരോധ പ്രവർത്തനം ഊർജ്ജിതം

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കാൻ റാപ്പിഡ് റെസ്‌പോൺസ് ടീം രൂപീകരിച്ചു. മൃഗസംരക്ഷണം, റവന്യു, ആരോഗ്യം, വനം, ആഭ്യന്തരം, ഗതാഗതം തുടങ്ങിയ വകുപ്പുകളിലെ പ്രതിനിധികൾ അടങ്ങുന്നതാണ് ടീം. രോഗ നിയന്ത്രണത്തിന് ദേശീയ മാർഗ്ഗനിർദ്ദേശങ്ങനുസരിച്ചുള്ള തുടർ നടപടികളാണ് സംഘം സ്വീകരിക്കുകയെന്ന്  വനം – മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അറിയിച്ചു.

പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട്ടെ വേങ്ങരി, കൊടിയത്തൂർ എന്നിവിടങ്ങളിൽനിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തുപക്ഷികൾ, മുട്ടകൾ എന്നിവ നശിപ്പിക്കാൻ കളക്ടറുടെ നേതൃത്വത്തിലുള്ള റാപ്പിഡ് റെസ്‌പോൺസ് ടീമിന് നിർദ്ദേശം നൽകി. രോഗബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവ് ഇൻഫെക്റ്റഡ് സോണായും ഒൻപത്് കിലോമീറ്റർ ചുറ്റളവ് സർവലൈൻസ് സോണായും പരിഗണിച്ച് പക്ഷികളുടെ കണക്കെടുപ്പ് തുടങ്ങി. സംസ്ഥാനത്ത് ലഭ്യമായിട്ടുള്ള പേർസണൽ പ്രൊട്ക്ടീവ് എക്യുപ്‌മെന്റ് കിറ്റുകൾ കോഴിക്കോടെത്തിക്കും.

പുതിയ 5000 കിറ്റുകൾ വാങ്ങാനും നടപടി തുടങ്ങി. ഏവിയൻ ഇൻഫ്‌ളൂവൻസ എന്നറിയപ്പെടുന്ന പക്ഷിപ്പനി അപൂർവ്വമായി മാത്രമെ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളു. ടെപ്പ് എ ഇൻഫ്‌ളൂവൻസ ഗണത്തിലെ എച്ച് 5, എച്ച് 7 ഉപഗണത്തിൽപ്പെട്ട് വൈറസാണിത്.  ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിൽ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മൃഗസംരക്ഷണ മന്ത്രി കെ.രാജുവിന്റെ ഉത്തരവിനെ തുടർന്ന് നടപടികൾ ഏകോപിപ്പിക്കാൻ കോഴിക്കോട് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുടങ്ങി. ഫോൺ 0495 2762050. സംസ്ഥാനതലത്തിൽ പാലോട് അനിമൽ ഡിസീസിലെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസറെ ബന്ധപ്പെടാം. ഫോൺ 9447016132, 7012413432.