ആലപ്പുഴ: കിഫ്ബി പദ്ധതിയിലൂടെ നവീകരിക്കുന്ന ആലപ്പുഴ ബോട്ട് ടെര്‍മിനല്‍ നഗരത്തിന്റെ വികസന മുഖമായി മാറുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ.റ്റി.എം തോമസ് ഐസക് പറഞ്ഞു. ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടക്കുന്ന കേരള നിര്‍മിതി പ്രദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ ആലപ്പുഴയുടെ വികസന വീഥികള്‍ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നൂതന സംവിധാനങ്ങളോടെ നിര്‍മ്മിക്കുന്ന ബോട്ട് ടെര്‍മിനല്‍ ആലപ്പുഴയുടെ വിനോദ സഞ്ചാര മേഖലക്ക് കൂടുതല്‍ ഉണര്‍വ്വേകും. ബോട്ട് ടെര്‍മിനലിനൊപ്പം നിലവിലെ ബസ് സ്റ്റാന്‍ഡ് കൂടുതല്‍ സൗകര്യങ്ങള്‍ നവീകരിച്ച് മൊബിലിറ്റി ഹബ്ബാക്കി മാറ്റും. കിഫ്ബി പദ്ധതിയിലൂടെ പുതിയ പാലങ്ങളും, കെട്ടിടങ്ങളും, റോഡുകളും നിര്‍മ്മിക്കുന്നത് വഴി കുട്ടനാട് അടക്കമുള്ള കിഴക്കന്‍ പ്രദേശങ്ങളിക്ക് കൂടുതല്‍ വികസനമെത്തുമെന്നും പടിഞ്ഞാറന്‍ മേഖലയിലെ പഴയകാല കെട്ടിടങ്ങള്‍ ഹെറിറ്റേജ് മേഖലയാക്കി സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
ആലപ്പുഴയുടെ വികസന വീഥികള്‍ എന്ന സംവാദത്തില്‍ പ്രധാനമായും നഗരത്തിലെ ആറ് വിഷയങ്ങള്‍ സംബന്ധിച്ച വികസന പദ്ധതികളാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന യോഗം ചര്‍ച്ച ചെയ്തത്. ആദ്യ ഘട്ടത്തില്‍ നഗരത്തിലൂടെയുള്ള കനാലുകളുടെ വികസനമാണ് ചര്‍ച്ച ചെയ്തത്. കനാലുകളുടെ സൗന്ദര്യവല്‍ക്കരണത്തിന് പുറമേ കനാലുകള്‍ പൂര്‍ണമായും നവീകരിക്കുക എന്നതാണ് കിഫ്ബിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ചു. പുതിയ ആലപ്പുഴയുടെ അടിസ്ഥാനം കനാലുകളുടെ വികസനമായിരിക്കും. കനാലിന്റെ വശങ്ങളില്‍ നടപ്പാതയും സൈക്കിള്‍ ട്രാക്കും നിര്‍മ്മിക്കും. പ്രധാന കനാലുകാളോടൊപ്പം 100 ഓളം വരുന്ന ചെറു കനാലുകളും വൃത്തിയാക്കി സമീപമുള്ള വീടുകളിലെ മാലിന്യസംസ്‌കരണത്തിനായി കൃത്യമായ സംവിധാനം ഒരുക്കും.
നഗരത്തിലെ 20 റോഡുകളുടെ നവീകരണവും കിഫ്ബി വഴി നടപ്പാക്കും. ഇതുസംബന്ധിച്ച രൂപരേഖയും ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ചു. ബി.എം. & ബി.സി നിലവാരത്തിലാകും റോഡുകളുടെ നവീകരണം. നഗരത്തിലെ കനാലുകള്‍ക്ക`് കുറുകെയുള്ള പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും പുതിയ പാലങ്ങള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ കിഫ്ബി പദ്ധതിയിലൂടെ അവ നിര്‍മ്മിക്കുകയും ചെയ്യും. പുതുതായി ഏഴ് പാലങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ ശവക്കോട്ടപ്പാലത്തിന്റെയും കൊമ്മാടിപ്പാലത്തിന്റെയും പാലങ്ങളുടെ നിര്‍മ്മാണം പുരോഗമിച്ചു വരുന്നു.
മൂന്ന് പാലങ്ങളുടെ ടെന്‍ഡര്‍ നടപടികളും രണ്ട് പാലങ്ങളുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികളും പുരോഗമിക്കുകയാണ്. ഗതാഗത മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൊബിലിറ്റി ഹബ്ബും ബോട്ട് ടെര്‍മിനലും നടപ്പാക്കും. ആലപ്പുഴയെ പൈതൃക നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കയര്‍ മ്യൂസിയം, തുറമുഖ മ്യൂസിയം, ഗുജറാത്തി സംസ്‌കാരങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന ഓപ്പണ്‍ മ്യൂസിയം തുടങ്ങിയവ സ്ഥാപിക്കും. പുതിയ കടല്‍ പാലത്തിന്റെ നിര്‍മ്മാണവും കിഫ്ബി പദ്ധതിയിലൂടെ നടപ്പാക്കും. അഡ്വ.എ.എം ആരിഫ് എംപി, കിഫ്ബി ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.