പുതുക്കിയ ഫ്ളോ ചാര്‍ട്ട് പ്രസിദ്ധീകരിച്ചു
ഇതില്‍ 15 പേര്‍ പ്രൈമറി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍, ഒരാള്‍ക്ക് രോഗലക്ഷണം
കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലാഭരണകൂടം പുറത്തുവിട്ട ഫ്ളോ ചാര്‍ട്ട് കണ്ട് ഇന്നലെ(11) വിളിച്ചത് 70 പേര്‍. ഇതില്‍ 15 പേര്‍ പ്രൈമറി  കോണ്ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്. 15 പേരില്‍ 14 പേര്‍ നേരത്തെ തന്നെ നിരീക്ഷിക്കേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ലിസ്റ്റില്‍ ഇല്ലാതിരുന്ന ഒരാളെ കണ്ടെത്തുകയും അയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കുകയും ചെയ്തു. ബാക്കിയുള്ളവര്‍ വീടുകളില്‍ കഴിയുകയാണെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.
പത്തനംതിട്ട  ജില്ലയില്‍  കോവിഡ് 19 സ്ഥിരീകരിച്ച  എഴുപേര്‍ 2020 ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് ആറു വരെയുള്ള ദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള പൊതുസ്ഥലങ്ങള്‍, അവിടെ അവര്‍ ചിലവഴിച്ച സമയം എന്നീ കാര്യങ്ങളാണ്  ഫ്ളോ ചാര്‍ട്ടിലൂടെ പ്രസിദ്ധീകരിച്ചത്.
 ഫോണ്‍വിളികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആദ്യ ഫ്ളോ ചാര്‍ട്ടില്‍ ഇല്ലാതിരുന്ന യാത്രചെയ്ത പുതിയ സ്ഥലങ്ങള്‍, ബസുകളുടെ പേരുകള്‍, സമയം എന്നിവ കണ്ടെത്തി. അവയും കൂടി ഉള്‍പ്പെടുത്തിയതാണ് പുതുക്കിയ ഫ്ളോ ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്.
     ഈ ചാര്‍ട്ടിലൂടെ നിശ്ചിത തീയതിയില്‍ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്‌കീനിംഗില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. അവര്‍ക്ക്  ബന്ധപ്പെടുവാന്‍ 9188297118, 9188294118 എന്നീ നമ്പറുകളും നല്‍കുന്നു. ഇനിയും വിളിക്കുവാന്‍ ബാക്കിയുള്ളവര്‍ എത്രയും പെട്ടെന്ന് ഈ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും കളക്ടര്‍ പറഞ്ഞു.