സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നിയമനങ്ങളിൽ 10 ശതമാനം സംവരണം നടപ്പിലാക്കുന്നതിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും ഏർപ്പെടുത്തി ഉത്തരവിറങ്ങി.അപേക്ഷകർ പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നീ സംവരണ വിഭാഗത്തിൽപ്പെടാത്തവരായിരിക്കണം.

അപേക്ഷകൻ/ അപേക്ഷക, മാതാപിതാക്കൾ 18 വയസ്സിൽ താഴെ പ്രായമുള്ള സഹോദരൻ/സഹോദരി, അപേക്ഷകൻ/ അപേക്ഷകയുടെ പങ്കാളി, 18 വയസ്സിൽ താഴെയുള്ള കുട്ടികൾ (ദത്തെടുത്ത കുട്ടികൾ ഉൾപ്പെടെ) എന്നിവർ സാമ്പത്തിക സംവരണത്തിന് അർഹരായ കുടുംബം എന്ന നിർവചനത്തിൽ ഉൾപ്പെടുന്നു. കുടുംബ വാർഷികവരുമാനം നാല് ലക്ഷം രൂപയോ അതിൽ താഴെയോ ആയിരിക്കണം. കുടംബ വാർഷിക വരുമാനം കണക്കാക്കുമ്പോൾ മുനിസിപ്പാലിറ്റി/ മുനിസിപ്പൽ കോർപ്പറേഷൻ പരിധി നിർണ്ണയിക്കപ്പെട്ടിട്ടുള്ള ഹൗസ്  പ്ലോട്ടുകളിൽ നിന്നുള്ള കാർഷിക വരുമാനം, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, കുടുംബ പെൻഷൻ, തൊഴിലില്ലായ്മ വേതനം, ഉത്സവബത്ത, വിരമിക്കൽ ആനുകൂല്യങ്ങൾ, യാത്രാബത്ത ഒഴികെയുള്ള മറ്റെല്ലാ വരുമാനവും പരിഗണിക്കണം.

കുടുംബ ഭൂസ്വത്ത് ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലാണെങ്കിൽ രണ്ടര ഏക്കറിലും മുനിസിപ്പൽ പ്രദേശങ്ങളിലാണെങ്കിൽ 75 സെന്റിലും മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിലാണെങ്കിൽ 50 സെന്റിലും അധികരിക്കാൻ പാടില്ല.
ഗ്രാമപഞ്ചായത്ത്, മുനിസിപ്പൽ അല്ലെങ്കിൽ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ അപേക്ഷകന്റെ കുടുംബത്തിന് ഭൂസ്വത്ത് ഉണ്ടെങ്കിൽ അതിന്റെ ആകെ ഭൂവിസ്തൃതി രണ്ടര ഏക്കറിൽ അധികരിക്കാൻ പാടില്ല.
മുനിസിപ്പൽ, കോർപ്പറേഷൻ പരിധിയിൽ അപേക്ഷകന്റെ കുടുംബത്തിന് ഭൂസ്വത്ത് ഉണ്ടെങ്കിൽ അതിന്റെ ആകെ ഭൂവിസ്തൃതി 75 സെന്റിൽ അധികരിക്കാൻ പാടില്ല.

ഭൂവിസ്തൃതി കണക്കാക്കുന്നതിന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഭൂമി കണക്കിലെടുക്കും.
ഭൂമി എന്നതിൽ എല്ലാത്തരം ഭൂമിയും ഉൾപ്പെടും. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആകെ ഹൗസ് പ്ലോട്ടിന്റെ വിസ്തൃതി മുനിസിപ്പൽ പരിധിയിൽ 20 സെന്റിലും മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ 15 സെന്റിലും അധികരിക്കാൻ പാടില്ല. കുടംബത്തിന് ഒന്നിലധികം ഹൗസ് പ്ലോട്ട് കൈവശമുണ്ടെങ്കിൽ അവയെല്ലാം കൂട്ടിച്ചേർത്തായിരിക്കും പ്ലോട്ടിന്റെ വിസ്തൃതി കണക്കാക്കുക. മുനിസിപ്പൽ പരിധിയിലും കോർപ്പറേഷൻ പരിധിയിലും ഹൗസ് പ്ലോട്ട് ഉണ്ടെങ്കിൽ അവ കൂട്ടിച്ചേർത്ത് കണക്കാക്കിയാൽ വിസ്തൃതി 20 സെന്റിൽ അധികരിക്കാൻ പാടില്ല.

ഹൗസ് പ്ലോട്ട് എന്നാൽ വീട് നിൽക്കുന്നതോ, വീട് നിർമ്മിക്കാൻ കഴിയുന്നതോ ആയ ഭൂമി എന്നർഥം.
അന്ത്യോദയ അന്നയോജന (എ.എ.വൈ), മുൻഗണന വിഭാഗത്തിൽപ്പെടുന്ന റേഷൻ കാർഡിൽ പേര് ഉൾപ്പെട്ടിട്ടുള്ളവർ മറ്റ് മാനദണ്ഡങ്ങൾ പരിഗണിക്കാതെ തന്നെ ഈ സംവരണാനുകൂല്യത്തിന് അർഹരാണ്. അതിലേയ്ക്കായി ഈ വിഭാഗത്തിലുള്ള അപേക്ഷകർ പ്രസ്തുത വിഭാഗങ്ങൾക്കായി നൽകിയിട്ടുള്ള റേഷൻകാർഡിൽ ഉൾപ്പെട്ടിട്ടുണ്ടെന്നതിന് വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.

വരുമാന, അസറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതിന് അപേക്ഷ സമർപ്പിക്കുന്ന വർഷത്തിന് തൊട്ടു മുമ്പുള്ള സാമ്പത്തിക വർഷത്തെ വരുമാനമാണ് അടിസ്ഥാനമാക്കുക. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകളുടെ വിശദാംശങ്ങൾ നിശ്ചിത അപേക്ഷാ ഫോറത്തിൽ സത്യവാങ്മൂലമായി അപേക്ഷർ സമർപ്പിക്കണം. അതതു വില്ലേജോഫീസർമാരാണ് സർട്ടിഫിക്കറ്റ് നൽകുക. സർട്ടിഫിക്കറ്റ് അനുവദിച്ചിൽ ആക്ഷേപമുള്ളപക്ഷം ബന്ധപ്പെട്ട തഹസീൽദാർക്ക് അപ്പീൽ സമർപ്പിക്കാം.

വിഷയത്തിൽ പുനപരിശോധന ആവശ്യമുള്ള പക്ഷം ബന്ധപ്പെട്ട റവന്യൂ ഡിവിഷണൽ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്ന അവകാശവാദം പരിശോധനയിൽ തെറ്റാണെന്നോ/ വ്യാജമാണെന്നോ കണ്ടെത്തുന്ന പക്ഷം അപേക്ഷകൻ/ അപേക്ഷകയുടെ നിയമനം മറ്റ് കാരണങ്ങൾ വ്യക്തമാക്കാതെ ഉടൻ പ്രാബല്യത്തിൽ റദ്ദാക്കുന്നതും, ഇത് സർക്കാരിന്റെ അനുമതിയോടുകൂടി പൊതുമേഖലാ സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡിന് ഉചിതമെന്നു തോന്നുന്ന തുടർനടപടിയ്ക്ക് വിധേയമാക്കാം.

പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ ഓരോ മൂന്നു വർഷം കൂടുമ്പോഴും പുനപരിശോധിച്ച് ആവശ്യമുള്ള പക്ഷം ഭേദഗതി വരുത്തും.സംവരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും ഒരു പരാതി പരിഹാര സെൽ രൂപീകരിക്കുകയോ അല്ലെങ്കിൽ അതിലേയ്ക്കായി ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയോ ചെയ്യണം. പരാതികൾ പരിഹരിച്ചത് സംബന്ധിച്ച ആനുകാലിക റിപ്പോർട്ടുകൾ പൊതുഭരണ (ഏകോപന) വകുപ്പിൽ ലഭ്യമാക്കണം.

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള നികത്തപ്പെടാത്ത ഒഴിവുകൾ സംബന്ധിച്ച ആനുകാലിക റിപ്പോർട്ട് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും പൊതു ഭരണ (ഏകോപന) വകുപ്പിൽ ലഭ്യമാക്കണം. കൂടാതെ ആറ് മാസത്തെ പ്രതീക്ഷിത ഒഴിവുകളും റിപ്പോർട്ട് ചെയ്യണം. സംവരണം നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിന് ഒരു മോണിറ്ററിംഗ് സെൽ പൊതുഭരണ (ഏകോപന) വകുപ്പിൽ രൂപീകരിച്ച് ഇതുമായി ബന്ധപ്പെട്ട പരാതികൾ/ഹർജികളും തീർപ്പാക്കണം.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമന സംവരണം ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട നിയമന ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വരുത്തണം.
പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനത്തിനായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംവരണാനുകൂല്യത്തിന് ജനുവരി മൂന്ന് മുതൽ പ്രാബല്യമുണ്ടായിരിക്കും.