പത്തനംതിട്ട: കോവിഡ് വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി തീര്‍ഥാടകര്‍ ശബരിമല സന്ദര്‍ശനം നീട്ടിവയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അഭ്യര്‍ഥിച്ചു. മാസപൂജയ്ക്കായി ശബരിമല നടതുറക്കുന്ന സാഹചര്യത്തിലാണ് കളക്ടറുടെ അഭ്യര്‍ഥന. അടുത്ത മാസപൂജയിലേക്ക് തീര്‍ഥാടനം മാറ്റിവയ്ക്കണമെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും തീര്‍ഥാടകരോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം പരിമിതമായ ഉദ്യോഗസ്ഥരെ മാത്രമേ നിയോഗിച്ചിട്ടുള്ളു. സൗകര്യങ്ങള്‍ മാത്രമേ നിലവിലുള്ളു. നിലവിലെ സ്ഥിതി മനസിലാക്കാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു തീര്‍ഥാടകര്‍ ആരെങ്കിലും എത്തിയാല്‍, രണ്ടു തെര്‍മല്‍ സ്‌കാനറിന്റെ സഹായത്തോടെ പനിയോ മറ്റോ ഉണ്ടോ എന്നുള്ളത് പരിശോധിക്കാന്‍ ഡോക്ടര്‍ ഉള്‍പ്പെട്ട ഹെല്‍ത്ത്, റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
പനിപോലെയുള്ള ലക്ഷണങ്ങള്‍ പരിശോധനയില്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശപ്രകാരം ചികിത്സ ആവശ്യമുള്ളവര്‍ക്ക് സൗകര്യമൊരുക്കും. തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയാണു തെര്‍മല്‍ സ്‌കാനര്‍ ലഭ്യമാക്കിയത്.