കോട്ടയം ജില്ലയില്‍ കൊറോണ വൈറസ് ബാധയുടേതെന്ന് സംശയിക്കാവുന്ന ലക്ഷണങ്ങളുമായി രണ്ടു പേരേക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ 70കാരനെയും  ദുബായില്‍നിന്നെത്തിയ ഇടുക്കി സ്വദേശിനിയായ യുവതിയെയുമാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

ഇവര്‍ ഉള്‍പ്പെടെ 11 പേരാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 10 പേരും ജില്ലാ ആശുപത്രിയില്‍ ഒരാളുമാണുള്ളത്. പുതിയതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.

വീടുകളില്‍ 1051 പേര്‍

ഇന്നലെ നാലു പേരെ ഹോം ക്വാറന്‍റയിനില്‍നിന്ന് ഒഴിവാക്കി. രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍നിന്ന് എത്തിയവരും രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും ഉള്‍പ്പെടെ 155 പേര്‍ക്കുകൂടി ആരോഗ്യ വകുപ്പ് പൊതുസമ്പര്‍ക്കമില്ലാതെ വീട്ടില്‍ കഴിയാന്‍ നിര്‍ദേശം നല്‍കി.

രോഗം സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കോട്ടയം സ്വദേശികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ(പ്രൈമറി കോണ്‍ടാക്ട്സ്) 11 പേരും പ്രൈമറി കോണ്‍ടാക്ടുകളുമായി ഇടപഴകിയ 51 പേരും(സെക്കന്‍ഡറി കോണ്‍ടാക്ട്സ്) ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ ജില്ലയില്‍ ഹോം ക്വാറന്‍റയിനില്‍ ഉള്ളവരുടെ എണ്ണം 1051 ആയി.

കോട്ടയത്തും എറണാകുളത്തും രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകളായി 112 പേരെയും സെക്കന്‍ഡറി കോണ്‍ടാക്ടുകളായി 427 പേരെയുമാണ്  ജില്ലയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.

അയച്ചത് 68 സാമ്പിളുകള്‍

ഒന്‍പതു  പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ ആകെ 68 സാമ്പിളുകള്‍ ജില്ലയില്‍നിന്ന് അയച്ചു. ഇവയുടെ നിലവിലെ സ്ഥിതി ഇങ്ങനെ:  പോസിറ്റീവ്-2, നെഗറ്റീവ്-36, പരിശോധനാ ഫലം വരാനുള്ളത്-27, തള്ളിയത്-3.


വൈറസ് ബാധിതരുടെ സഞ്ചാരപഥം; കോള്‍ സെന്‍ററില്‍ വിളിച്ചത് 52 പേര്‍

ജില്ലയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ യാത്രയുമായി ബന്ധപ്പെട്ട ചാര്‍ട്ട് പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്ന് കോള്‍ സെന്‍ററിലേക്ക് വിളിച്ചത് 52 പേര്‍.

ഇവരില്‍ അഞ്ചു പേര്‍ രോഗ ബാധിതരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും(പ്രൈമറി കോണ്‍ടാക്ട്സ്) 47 പേര്‍ പ്രൈമറി കോണ്‍ടാക്ട്സുമായി ഇടപഴകിയ സെക്കന്‍ഡറി കോണ്‍ടാക്ടുകളുമായിരുന്നു. ഇവവര്‍ക്ക് ആരോഗ്യവകുപ്പ് ഹോം ക്വാറന്‍റയിന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കണ്‍ട്രോള്‍ റൂമില്‍ 543 കോളുകള്‍

കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ സംശയ നിവാരണത്തിനും സഹായത്തിനുമായി ഇതുവരെ ലഭിച്ചത് 543 കോളുകളാണ്.  ഇന്നലെ മാത്രം 50 കോളുകള്‍ ലഭിച്ചു.

അഭ്യൂഹങ്ങളുടെ നിജസ്ഥിതി വാട്സപ്പില്‍ പരിശോധിക്കാം

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളുടെയും വ്യാജ സന്ദേശങ്ങളുടെയും നിജസ്ഥിതി വാട്സപ്പ് മുഖേന പരിശോധിക്കാം. ആരോഗ്യ വകുപ്പ് ഇതിനായി പ്രത്യേക നമ്പര്‍ ഏര്‍പ്പെടുത്തി.

സാമൂഹ്യ മാധ്യമങ്ങളിലൂടെ  ലഭിക്കുന്ന സന്ദേശങ്ങള്‍ ജില്ലാ ഭരണകൂടത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തുന്നതിനും പൊതുജനങ്ങള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം.

വീഡിയോകള്‍, ചിത്രങ്ങള്‍, ശബ്ദസന്ദേശങ്ങള്‍ തുടങ്ങിയവ 7593843695 എന്ന നമ്പരിലേക്കാണ് അയയ്ക്കേണ്ടത്.