കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ  റിസോര്‍ട്ടുകളിലും ലോഡ്ജുകളിലും എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തണമെന്നും ടൂറിസം അധികൃതരെ യഥാസമയം അറിയിക്കുകയും വേണമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു. അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലും വിവരങ്ങള്‍ നല്‍കണം.  ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ച പ്രകാരം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദിഷ്ട കാലയളവ് കഴിയാതെ ബാഹ്യ ഇടപെടലുകള്‍ നടത്തരുത്. ഇക്കാര്യത്തില്‍ ആരോഗ്യ, പോലീസ് വകുപ്പുകള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

നിരീക്ഷണത്തിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്നവരെ പരിസരവാസികള്‍ ഒറ്റപ്പെടുത്തുന്നതായുള്ള പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും നാടിന്റെ പൊതു നന്മയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു വരികയാണ്. ഇങ്ങനെയുള്ളവരെ പുറത്ത് നിന്നും മാനസികമായി തകര്‍ക്കുന്ന പ്രവണതകള്‍ ശരിയല്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ടൂറിസം കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശകരുടെ ബാഹുല്യം നിയന്ത്രിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ സന്ദര്‍ശകരുടെ പ്രവാഹം നിയന്ത്രിക്കുന്നതിന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കി. വൃദ്ധ സദനങ്ങളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണവും രോഗ പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രിക്കും. അവലോകന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ്, എന്‍.എച്ച്.എം.ഡി.പി.എം ഡോ.ബി.അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയില്‍ 19 പേര്‍ കൂടി നിരീക്ഷണത്തില്‍

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 19 പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 75 ആയി. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ഒരാളുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ് ആയതിനെതുടര്‍ന്ന് നിരീക്ഷണം അവസാനിപ്പിച്ചു. 13 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 9 പരിശോധനാഫലം നെഗറ്റീവ് ആണ്. 4 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.

അവലോകന യോഗം ഇന്ന്മന്ത്രി എ.കെ.ശശീന്ദ്രന്‍ പങ്കെടുക്കും

കുരങ്ങുപനി, പക്ഷിപ്പനി, കൊറോണ എന്നിവ സംബന്ധിച്ചുള്ള ജില്ലയിലെ സ്ഥിതിഗതികള്‍ ഗതാഗത വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ശനിയാഴ്ച (മാര്‍ച്ച് 14)  അവലോകനം ചെയ്യും. ആസൂത്രണ ഭവനിലെ എ. പി. ജെ ഹാളില്‍ ചേരുന്ന രാവിലെ 10.30 ന് ചേരുന്ന യോഗത്തില്‍ വിവിധ വകുപ്പുകളിലെ തല ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് നഗരസഭ സെക്രട്ടറിമാര്‍, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള  അറിയിച്ചു.