പെരിയ ആയമ്പാറ ചെക്കിപ്പളളത്ത് തനിച്ച് താമസിച്ചുവരികയായിരുന്ന  സുബൈദ (60) എന്നവരെ വീടിനകത്ത് വെച്ച്  കൊലപ്പെടുത്തി അവരുടെ  അഞ്ചര പവന്‍ തൂക്കം വരുന്ന  സ്വര്‍ണ്ണാഭരണങ്ങള്‍ അപഹരിച്ച സംഭവത്തില്‍  കേസിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായും ഇവരില്‍  അബ്ദുള്‍ ഖാദര്‍ എന്ന ഖാദര്‍ കെ എം (26) നസ്രീന മന്‍സില്‍, കൊട്ടക്കണ്ണി, കുഞ്ചാര്‍, പട്‌ല, മധൂര്‍ വില്ലേജ് അബ്ദുള്‍ അസീസ് പി എന്ന ബാവ അസീസ് (23) കുതിരപാടി, പട്‌ല, മധൂര്‍ വില്ലേജ് എന്നിവരെ അറസ്റ്റ് ചെയ്തതായും ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് അറിയിച്ചു.  കവര്‍ച്ച ചെയ്യപ്പെട്ട രണ്ട് സ്വര്‍ണ്ണ വളകളും ഒരു മാലയും ഒരു ജോഡി കമ്മലും കണ്ടെടുത്തിട്ടുണ്ട്.              കേസ് രജിസ്റ്റര്‍ ചെയ്ത ഉടനെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവ് സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
കേസിലെ പ്രതികളായ അബ്ദുള്‍ ഖാദറും അബ്ദുള്‍ അസീസും മൂന്ന്, നാല് പ്രതികളും ചേര്‍ന്ന്  ജനുവരി 16 ന്  കാസര്‍കോട് നിന്നും വാടകക്ക് എടുത്ത കെഎല്‍-60 കെ-1111 നമ്പര്‍ കാറില്‍  സുബൈദയുടെ വീടിനടുത്തെത്തി.  കുവൈറ്റിലുളള മുഹമ്മദ് കുഞ്ഞി എന്നവരുടെ  വാടക ക്വാര്‍ട്ടേഴ്‌സ് അന്വേഷിക്കാനെന്ന വ്യാജേന വന്നു.  സുബൈദ ക്വാര്‍ട്ടേഴ്‌സ് കാണിച്ചുകൊടുത്തു.  പ്രതികള്‍ സുബൈദയുടെ വീടും  പരിസരവും വീക്ഷിക്കുകയും പിറ്റേ ദിവസം ഉച്ചയ്ക്ക്  12.30 മണിയോട് കൂടി  വരികയും ചെയ്തു.  സുബൈദ ബസ് ഇറങ്ങി വരുന്നതുകണ്ട ഇവര്‍ അവരെ പിന്തുടര്‍ന്നു.  സുബൈദ വാതില്‍ തുറന്ന് അകത്തു കടന്നപ്പോള്‍  കുടിക്കാന്‍ വെളളം ആവശ്യപ്പെടുകയും  ഇതിനായ്  അകത്തുകടന്നപ്പോള്‍  പിറകെ കയറി ബോധം കെടുത്തി കൊലപ്പെടുത്തി കവര്‍ച്ച നടത്തി. ഇവരുടെ  കൈവശം ധാരാളം  സ്വര്‍ണ്ണാഭരണങ്ങളും പണവും  ഉണ്ടെന്ന ധാരണയിലാണ് കൊല നടത്തിയത്.
കേസ് തെളിയിക്കുന്നതിന് സമീപ പ്രദേശങ്ങളില്‍ നിന്നും പരിസരവാസികളില്‍ നിന്നും വിവരം  ശേഖരിക്കുകയും  കേരളത്തിലെയും  അയല്‍ സംസ്ഥാനങ്ങളിലെയും കുറ്റവാളികളെക്കുറിച്ചുളള  വിവരശേഖരണവും  ശാസ്ത്രീയതെളിവ് ശേഖരണവും  പോലീസ് അവലംബിച്ചതായും  ഡിജിപി അറിയിച്ചു.
കണ്ണൂര്‍ റേഞ്ച്  ഐജി മഹിപാല്‍ യാദവ്, എസ് പി കെ ജി സൈമണ്‍, മറ്റ് അന്വേഷണ ഉദ്യോഗസ്ഥരും  സന്നിഹിതരായിരുന്നു. എസ് പി ഉള്‍പ്പെടെയുളള അന്വേഷണസംഘത്തെ  രാജേഷ് ദിവാന്‍ അഭിനന്ദിച്ചു.  കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ ജില്ലയില്‍ കുറ്റകൃത്യങ്ങളുടെ അളവില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും കണക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.