പത്തനംതിട്ട: കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ശബരിമലയിലെത്തുന്ന തീര്‍ഥാടകരെ പമ്പയില്‍  ബോഡി ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചു പരിശോധന നടത്തിവരുന്നു. പനിയുള്ളവരെ മലകയറാന്‍ അനുവദിക്കില്ല. പനി ലക്ഷണം സ്ഥിരീകരിക്കുന്നവരെ ആശുപത്രിയില്‍ പരിശോധനക്കയക്കുകയും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കോവിഡ് 19 ലക്ഷണമുണ്ടെങ്കില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി മറ്റു പരിശോധന നടത്തുകയും ആവശ്യമെങ്കില്‍ ഐസ്വലേഷന്‍ വാര്‍ഡിലേക്കും മാറ്റും. പമ്പയിലെ പോലീസ് മെറ്റല്‍ ഡിറ്റക്ടര്‍  സ്ഥാപിച്ചിരിക്കുന്നതിന്റെ സമീപത്തായി മൂന്നു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍പെക്ടര്‍ന്മാര്‍ ബോഡി ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചു പരിശോധന നടത്തിവരുകയും ചെയ്യുന്നു.
ഇന്നലെ(15) ഉച്ചകഴിഞ്ഞ് മൂന്നുവരെയുള്ള കണക്കുപ്രകാരം മൊത്തം 4066 പേരെ ബോഡി ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചു സ്‌ക്രീനിംഗ് നടത്തി. മാസപൂജയ്ക്ക് ഇതുവരെ എത്തിയ തീര്‍ഥാടകരില്‍  ആറു പേര്‍ക്ക് പനി ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും കൊറോണയുടെ ലക്ഷണങ്ങള്‍ വിദഗ്ധ പരിശോധനയില്‍  കാണിക്കാത്തതിനാല്‍ നാട്ടിലേക്ക് അയച്ചു. ചികിത്സയ്ക്കായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഒ.പികളിലായി 235 എത്തി. പമ്പാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹരിശങ്കറിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വിനോദ്, സുനില്‍, ഹഫീസ് എന്നിവരാണ് ബോഡി ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ചു സ്‌ക്രീനിംഗ്  നടത്തുന്നത്.