പത്തനംതിട്ട: പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് വീണാ ജോര്‍ജ് എംഎല്‍എയുടെയും ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെയും സാന്നിധ്യത്തില്‍ കളക്ടറുടെ ചേമ്പറില്‍ കൂടി.
ഇന്നത്തെ(15) സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍ വഴി രണ്ട് പ്രൈമറി കോണ്ടാക്ടുകള് കണ്ടെത്തി. സെക്കന്‍ഡറി കോണ്ടാക്ടുകള് ആരെയും കണ്ടെത്തിയിട്ടില്ല.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 22 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ആറു പേരും, നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാള്‍ ഐസൊലേഷനില്‍ ഉണ്ട്.
ആകെ 29 പേര് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്.
ഇന്ന്(15) പുതിയതായി നാലു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ഇതുവരെ മൂന്നു പേരെക്കൂടി ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇതുള്‍പ്പെടെ ഇതുവരെ 22 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
വീടുകളില്‍ 1250 പേര് നിരീക്ഷണത്തില്‍ ആണ്.
സര്‍ക്കാര്‍ മേഖലയില്‍ 60 ബെഡ്ഡുകളും, സ്വകാര്യ മേഖലയില്‍ 48 ബെഡ്ഡുകളും രോഗികളെ ഐസൊലേറ്റ് ചെയ്യുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയില്‍ നിന്നും ഇന്ന് 10 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 94 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്നു(15)വരെ അയച്ച സാമ്പിളുകളില്‍ ഒന്‍പത് എണ്ണം പൊസിറ്റീവായും 40 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചു. 40 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ശബരിമല മാസപൂജയുമായി ബന്ധപ്പെട്ട് പമ്പയില്‍ എത്തിയ 4066 അയ്യപ്പഭക്തന്മാരെ ഇതുവരെ സ്ക്രീന്‍ ചെയ്തു. കഴിഞ്ഞ ബുളളറ്റിനുശേഷം 1553 അയ്യപ്പഭക്തന്മാരെ പരിശോധിച്ചു. ഇന്ന് (15) പരിശോധിച്ചവരില്‍ രണ്ടു പേര്‍ക്ക് കോവിഡ്-19 അല്ലാത്ത പനി ലക്ഷണങ്ങള്‍ കണ്ടെത്തി. പരിശോധനയ്ക്കും ചികിത്സയ്ക്കും ശേഷം അവരെ തിരികെ അയച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്ട്രോള് റൂമില്‍ 126 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്ട്രോള് റൂമില്‍ 72 കോളുകളും ലഭിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ Spatiotemporal mapping ഉപയോഗിച്ചുളള പരിശോധനയില്‍ അഞ്ചു കോളുകള്‍ ലഭിച്ചു.
ഇന്ന്(15) വിദേശത്തുനിന്നും തിരിച്ചെത്തിയ 672 പേരെ കണ്ടെത്തി. ഇതുവരെ മറ്റ് രാജ്യങ്ങളില്‍ നിന്നും വന്ന 726 പേരെ കണ്ടെത്തിയിട്ടുണ്ട്. അവര്‍ ഐസൊലേഷനില്‍ തുടരേണ്ടതാണെന്നുളള നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളിലും മറ്റു രാജ്യങ്ങളിലും യാത്ര ചെയ്തിട്ടുളളവരുടെ സ്ക്രീനിംഗ് തിരുവല്ല റെയില്‍വേ സ്റ്റേഷനിലും, മല്ലപ്പളളി, റാന്നി, പത്തനംതിട്ട, അടൂര്‍, തിരുവല്ല എന്നീ ബസ് സ്റ്റേഷനുകളിലും ആരംഭിച്ചു.
ഇതര രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും യാത്ര ചെയ്തിട്ടുളളവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട ആരോഗ്യകേന്ദ്രത്തില്‍ ട്രാന്‍സിറ്റ് സ്ക്രീനിംഗ് പോയിന്റില്‍ നിന്ന് അറിയിപ്പു നല്‍കും. ട്രാന്‍സിറ്റ് സ്ക്രീനിംഗ് റെയില്‍വേ സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഒരു സ്ക്രീനിംഗ് ടീമില്‍ ആരോഗ്യപ്രവര്‍ത്തകര്‍, വോളണ്ടിയര്‍, പോലീസ് ഉദ്യോഗസ്ഥന് എന്നിവര്‍ ഉള്‍പ്പെടും.
വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്ന വ്യക്തികള്‍ക്ക് ടെലി-കണ്സള്ട്ടേഷന് ആരംഭിച്ചു. ബന്ധപ്പെട്ട ആരോഗ്യകേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരാണ് ടെലി-കണ്സള്ട്ടേഷന് നടത്തുന്നത്.
ജില്ലയിലെ മുഴുവന്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും വീഡിയോ കോണ്‍ഫറന്‍സിലൂടെ പരിശീലനം നല്കി. ചികിത്സാ മാനദണ്ഡങ്ങള്‍, വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്ന വ്യക്തികള്‍ പാലിക്കേണ്ടതായ നിര്‍ദേശങ്ങള്‍, അവരുടെ ചികിത്സ ചികിത്സേതര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുളള നിര്‍ദേശങ്ങള്‍ എന്നിവയില്‍ പരിശീലനം നല്കി.
ഐസൊലേഷനില്‍ കഴിയുന്ന 80 വ്യക്തികളുടെ ചികിത്സേതര ആവശ്യങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ മുഖേന നിറവേറ്റി.
വിദേശികള്‍ സന്ദര്‍ശിക്കാന്‍ ഇടയുളള സ്ഥാപനങ്ങളില്‍ നിന്നും (വൃദ്ധസദനങ്ങള്‍, അഗതിമന്ദിരങ്ങള്‍, റിസോര്‍ട്ടുകള്‍) വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശം നല്കി.
പന്തളം, ആറന്മുള തുടങ്ങിയ സ്ഥലങ്ങളില്‍ 234 അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക ബോധവത്ക്കരണം നടത്തി.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം ആറിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.