കൊല്ലം: സമീപ ജില്ലകളില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രത ശക്തമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി അറിയിച്ചു. ഉത്സവങ്ങള്‍, ആള്‍ക്കൂട്ടങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കണമെന്നും പനി, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്നുമുള്ള ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളും.
ജില്ലയിലെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ട്രാക്ക് ടീം, ആശമാര്‍ എന്നിവരടങ്ങുന്ന 15 ടീമുകള്‍ കര്‍ശന നിരീക്ഷണം ആരംഭിച്ചു. വിദേശത്ത് നിന്നും എത്തുന്നവരെല്ലാം തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആവശ്യമെങ്കില്‍ ഗൃഹനിരീക്ഷണത്തില്‍ ഉണ്ടാകണമെന്നുമാണ് നിര്‍ദ്ദേശം.
കൊട്ടാരക്കര, പുനലൂര്‍, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികളില്‍ ഇന്ന്(മാര്‍ച്ച് 16) മുതല്‍ സ്വാബ് കളക്ഷന്‍ ആരംഭിക്കും. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, സിവില്‍ സ്റ്റേഷന്‍, കൊല്ലം ബസ് സ്റ്റാന്‍ഡ്, ജില്ലാ ആശുപത്രി, കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ കൈകഴുകല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എഫ്ക സംഘടനയുമായി ചേര്‍ന്ന് സൗജന്യ ഹാന്‍ഡ് സാനിറ്റൈസറുകള്‍ സ്ഥാപിച്ചു.
ജില്ലയില്‍ ഗൃഹനിരീക്ഷണത്തില്‍ 432 പേരും ആശുപത്രിയില്‍ 13 പേരും ഉണ്ട്. ഇന്നലെ(മാര്‍ച്ച് 15) 25 സാമ്പിളുകള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
വിനോദ സഞ്ചാര മേഖലയിലുള്ളവരുടെ ശ്രദ്ധയ്ക്ക്
• കൊറോണ ബാധിത മേഖലകളില്‍ നിന്ന് അതിഥികളായി ആരെങ്കിലും എത്തിയിട്ടുണ്ടെങ്കില്‍ വിവരം ജില്ലാ കൊറോണ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ഇതിനായി 1056, 0471-2552056 എന്നീ ‘ദിശ’ നമ്പറുകളിലോ 8589015556, 0474-2797609 എന്നീ ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറുകളിലോ ബന്ധപ്പെടണം.
• വൈറസ് ബാധിച്ച പ്രദേശങ്ങളില്‍ നിന്നെത്തിയ സഞ്ചാരികളുമായി ഇടപെട്ടാല്‍ ബന്ധപ്പെട്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം.
• രോഗലക്ഷണമുള്ള സഞ്ചാരികള്‍ ഉപയോഗിച്ച മുറിയും മറ്റ് വസ്തുക്കളും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം.
• ജീവനക്കാര്‍ ശുചിയാക്കല്‍ നടപടികള്‍ ചെയുമ്പോള്‍ കയ്യുറകളും മാസ്‌ക്കും ധരിക്കണം.
• കൊറോണ ലക്ഷണങ്ങളായ പനി, ചുമ, ശ്വാസതടസം എന്നിവയുള്ള യാത്രക്കാര്‍ ഉണ്ടെങ്കില്‍ യാത്രയ്ക്ക് ശേഷം വാഹനത്തിന്റെ ഉള്‍വശം അണുവിമുക്തമാക്കണം.
• യാത്രാവേളയില്‍ എ സി ഒഴിവാക്കി ജനാലകള്‍ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കണം.
• ഹസ്തദാനം ഒഴിവാക്കുക. സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ഒരു മീറ്റര്‍ അകലം പാലിക്കുക.
• സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകണം.
• യാത്രയ്ക്ക് ശേഷം വാഹനങ്ങള്‍ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം.
കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.