ജില്ലയില്‍ മൂന്ന് കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമാക്കി

കോവിഡ് 19 വൈറസ് മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവരെ ജില്ലയില്‍ ജനകീയ ദ്രുത കര്‍മ്മ സംഘങ്ങള്‍ നിരീക്ഷിക്കും. വാര്‍ഡ് അടിസ്ഥാനത്തിലും ബ്ലോക്കുകളിലും ജില്ലാതലത്തിലും പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ ആശ, കുടുംബശ്രീ, അങ്കണവാടി പ്രവര്‍ത്തകരും യുവജന കൂട്ടായ്മകളും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുമാണ് സംഘത്തിലുണ്ടാവുക. തിരിച്ചെത്തുന്നവരുടെ വിവരങ്ങള്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ നിന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കി വാര്‍ഡ് അംഗങ്ങള്‍ക്കു കൈമാറും. ഇങ്ങനെ എത്തുന്നവര്‍ പൊതു സമ്പര്‍ക്കമില്ലാതെ വീടുകളില്‍ 14 ദിവസത്തെ പ്രത്യേക നിരീക്ഷണം പാലിക്കുന്നുണ്ടെന്ന് സംഘം ഉറപ്പുവരുത്തണം. പ്രത്യേക നിരീക്ഷണത്തിന്റെ ആവശ്യകത നിരീക്ഷണത്തിലുള്ളവരെ ബോധ്യപ്പെടുത്തും. ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരുടെ വിവരങ്ങള്‍ പൊലീസിനു കൈമാറണം.

വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവരെ നിരീക്ഷിക്കാന്‍ ജില്ലയില്‍ മൂന്ന് കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമാക്കിയതായും കോവിഡ് 19 പ്രതിരോധ ജില്ലാതല മുഖ്യ സമിതി അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ താമസിക്കാന്‍ സംവിധാനമില്ലാത്ത വിദേശ പൗരന്മാര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും കോവിഡ് കെയര്‍ സെന്ററുകളില്‍ 14 ദിവസത്തെ നിരീക്ഷണം ഉറപ്പാക്കും. ആരോഗ്യ സംഘത്തിന്റെ സേവനവും ഈ കേന്ദ്രങ്ങളില്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളുള്ള വിദേശ പൗരന്മാരടക്കമുള്ളവരെ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളിലേക്കു മാറ്റും.

ജില്ലയില്‍ ആയുര്‍വേദ കേന്ദ്രങ്ങള്‍, ഉഴിച്ചില്‍ കേന്ദ്രങ്ങള്‍, റിസോര്‍ട്ടുകള്‍, ധ്യാന കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെത്തുന്ന വിദേശ പൗരന്മാരുടെ വിവരങ്ങള്‍ നിര്‍ബന്ധമായും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ അറിയിക്കണം. വിദേശ പൗരന്മാര്‍ താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് 14 ദിവസത്തെ നിരീക്ഷണം സ്ഥാപന ഉടമകള്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ഒരുക്കണം. പൊതു സമ്പര്‍ക്കമില്ലെന്നു ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തവും സ്ഥാപന ഉടമകള്‍ക്കും നടത്തിപ്പുകാര്‍ക്കുമാണ്. ഇതില്‍ വീഴ്ചയുണ്ടായാല്‍ നിയമ നടപടികളുണ്ടാവും.

നാടുകാണി ചുരത്തിലെ ജില്ലാ അതിര്‍ത്തിയില്‍ വാഹന യാത്രക്കാര്‍ക്കായി ആരംഭിച്ച ആരോഗ്യ പരിശോധന ഫലപ്രദമാണെന്നു യോഗം വിലയിരുത്തി. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കുന്നുണ്ട്. കൂടുതല്‍ യാത്രക്കാരെത്തുന്ന ബസ് സ്റ്റാന്റുകളിലും റെയില്‍വെ സ്റ്റേഷനുകളിലും പ്രത്യേക നിരീക്ഷണത്തിനു സംവിധാനം ഒരുക്കും. ജനകീയ പങ്കാളിത്തത്തോടെയുള്ള ബോധവത്ക്കരണവും ഇവിടെയുണ്ടാവും.
ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, എ.ഡി.എം. എന്‍.എം. മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. കെ. മുഹമ്മദ് ഇസ്മയില്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.