പാലക്കാട്:

1. മദ്യം കോവിഡ് -19 വൈറസ് ബാധ അകറ്റുമോ ?

 തെറ്റ്

മദ്യം ഉപയോഗിച്ചാല്‍ വൈറസിനെ നശിപ്പിക്കാനാകും എന്ന  പ്രചരണം തെറ്റാണ്. മദ്യം നമ്മുടെ ശരീരത്തില്‍ കുടല്‍, ആമാശയം എന്നിവിടങ്ങളിലാണ് എത്തുന്നത്. എന്നാല്‍ വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നത് ശ്വാസകോശത്തിലൂടേയാണ്. അതിനാല്‍ ശരീരത്തില്‍ പ്രവേശിക്കുന്ന കോവിഡ്-19 വൈറസിനെ  നശിപ്പിക്കാന്‍ ശരീരത്തിനകത്തുള്ള മദ്യത്തിന് സാധിക്കില്ല. മുറിവൈദ്യപ്രചരണങ്ങളില്‍ വീഴരുത്.

2. ഹോട്ടല്‍ ഭക്ഷണം/ഭക്ഷണത്തിലൂടെ കോവിഡ്-19 പകരുമോ ?

ഇല്ല

ഹോട്ടല്‍ ഭക്ഷണം/ഭക്ഷണത്തിലൂടെ  കോവിഡ്-19  പകരില്ല. എന്നാല്‍ ജനങ്ങള്‍ കൂടുതല്‍ തിങ്ങിനിറഞ്ഞിരിക്കുന്ന സാഹചര്യം ഒഴിവാക്കണം. തുടക്കത്തില്‍ മൃഗങ്ങളില്‍ നിന്നായിരുന്നു രോഗം പകര്‍ന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കാണ് പകരുന്നത്. അതിനാല്‍ ആള്‍ക്കൂട്ടവും തിരക്കുള്ള സ്ഥലവും ഒഴിവാക്കണം.

3.കൈകള്‍ ശുചിയാക്കാന്‍ സാനിറ്റൈസര്‍ ഇല്ലെങ്കില്‍ ഹാന്റ് വാഷ് ഉപയോഗിക്കാമോ ?

ഉപയോഗിക്കാം

കൈകള്‍ ശുചിയാക്കാന്‍ ഹാന്‍ഡ് വാഷും ഉപയോഗിക്കാം. വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കാനാണ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ വെള്ളത്തിന്റെ  ബുദ്ധിമുട്ട്  ഇല്ലാത്തവര്‍ക്ക്  ഹാന്‍ഡ് വാഷും ഉപയോഗിക്കാം.

4.ബോഡി ലോഷന്‍ പ്രതിരോധ മാര്‍ഗമായി കരുതാമോ ?

ഇല്ല

കോവിഡ്-19 പകരുന്നത് പ്രധാനമായും വായിലൂടേയും മൂക്കിലൂടേയുമാണ്. അതിനാല്‍ ബോഡി ലോഷന്‍ ഉപയോഗിക്കുന്നത് ഒരു പ്രതിരോധമായി കാണാനാവില്ല.

5. സാധാരണ പനിയും കോവിഡ് 19 ഉം തമ്മിലുള്ള വ്യത്യാസം?

സാധാരണ പനിയാണെങ്കില്‍ പനി,ചുമ, ജലദോഷത്തോടൊപ്പമുള്ള മൂക്കൊലിപ്പ്  എന്നിവ ഉണ്ടാവും. കോവിഡ്-19 ആണെങ്കില്‍ പനിയോടൊപ്പം ശ്വാസതടസവും തൊണ്ടവേദനയും താരതമ്യേന കുറഞ്ഞ മൂക്കൊലിപ്പുമാണ് ഉണ്ടാകുക.

6.കോവിഡ്-19 ലക്ഷണങ്ങളുള്ളവരുടെ ഭക്ഷണരീതി എങ്ങനെയാവണം?

മറ്റേതൊരു വൈറസ് പനിയേയും പോലെ കോവിഡ്-19 ബാധയ്ക്കും  പാനീയങ്ങളും വൈറ്റമിന്‍ സി ധാരാളമായി  അടങ്ങിയ ഭക്ഷണങ്ങളും ആവശ്യമാണ്.  ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ഭക്ഷണം  ഒഴിവാക്കണം.

7.കോവിഡ്-19 വൈറസിന്റെ സഞ്ചാരപാത  പരമാവധി എത്രദൂരം?

ചുമ,തുമ്മല്‍എന്നിവയിലൂടെ പുറത്തേക്കു വരുന്ന വൈറസ് പരമാവധി ഒന്നരമീറ്റര്‍ അകലെ വരെ വായുവില്‍ നില്‍ക്കും. ഭാരമുള്ള കണങ്ങള്‍ പെട്ടന്ന താഴെ പതിക്കും. ഭാരം കുറഞ്ഞവ കൂടുതല്‍ നേരം വായുവില്‍ തങ്ങി നില്‍ക്കും.

8. കോവിഡ്-19 വെളളത്തിലൂടെ പകരുമോ ?
 ഇല്ല

9. ഉപയോഗിച്ച മാസ്‌ക്കുകള്‍ എങ്ങനെ നശിപ്പിക്കാം ?

ഉപയോഗിച്ച മാസ്‌ക്കുകള്‍ അടച്ച പാത്രങ്ങളില്‍ ഇട്ട് ഒരു ശതമാനം സോഡിയം ഹൈഡ്രോക്ലോറൈഡ് സൊല്യൂഷന്‍ ഉപയോഗിച്ച് അണുവിമുക്തമാക്കി കത്തിച്ചു കളയണം. രോഗം പകരുന്നത് തടയാന്‍ ഉപയോഗിച്ച മാസ്‌കുകള്‍ അണുവിമുക്തമാക്കിയ ശേഷം നശിപ്പിക്കാം. തുറസായ ഇടങ്ങളില്‍ ഇവ നിക്ഷേപിക്കരുത്.

വിവരങ്ങള്‍ നല്‍കിയത് – ഡോ.ടി.കെ ജയന്തി
ആര്‍.സി.എച്ച് (റീപ്രൊടക്ടീവ് ആന്‍ഡ് ചെല്‍ഡ് ഹെല്‍ത്ത്)  ഓഫീസര്‍
ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം)