തിരുവനന്തപുരം: കോവിഡ്-19 ബാധയുടെ പശ്ചാത്തലത്തില്‍ വിദേശ വിനോദസഞ്ചാരികളോടുള്ള മനോഭാവത്തില്‍ മാറ്റം ഉണ്ടാകണമെന്ന് ടൂറിസം -ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശിച്ചു. അവര്‍ നമ്മുടെ അതിഥികളാണ്. അല്ലാതെ രോഗം പരത്താന്‍ വന്നവരാണ് എന്ന നിലയില്‍ കാണരുത്.

സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വര്‍ക്കലയില്‍ ഇറ്റലിയില്‍ നിന്നെത്തിയ പതിവ് സന്ദര്‍ശകന് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് നിര്‍ദേശം. 15000 കോടി രൂപ വരുമാനം നേടിത്തരുന്ന ടൂറിസം മേഖലയില്‍ 15 ലക്ഷത്തിലേറെ പേര്‍ തൊഴിലെടുക്കുകയാണ്. കഴിഞ്ഞ രണ്ട് പ്രളയത്തിന് ശേഷമുണ്ടായ തകര്‍ച്ചയില്‍ നിന്നും കഴിഞ്ഞ ആറ് മാസമായി ടൂറിസം മേഖല കരകയറുകയാണ്.

വിദേശത്ത് നിന്നെത്തിയവരില്‍ കൊറോണ സ്ഥിരീകരിക്കപ്പെട്ട 21 പേരില്‍ രണ്ട് പേര്‍ മാത്രമാണ് വിദേശ പൗരന്‍മാരായിട്ടുള്ളത്. കൊറോണ സ്ഥിരീകരിക്കപ്പെട്ട ഇറ്റാലിയന്‍ പൗരനുമായി ബന്ധപ്പെട്ട 103 പേരുടെയും സാമ്പിളുകള്‍ പരിശോധിക്കണം. 30 പേരുടെ സാമ്പിളുകള്‍ ഇതിനകം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ സി എച്ച് സിയില്‍ നിയോഗിക്കണം. ആവശ്യമായി വരുന്ന പക്ഷം രോഗബാധിതരെ മാറ്റി പാര്‍പ്പിക്കുന്നതിനായി വര്‍ക്കല എസ് ആര്‍ ആശുപത്രി ശുചീകരിച്ച് സജ്ജമാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വിദേശികള്‍ വളരെയേറെയുള്ള പ്രദേശമായതിനാല്‍ വാര്‍ഡ് കൗണ്‍സിലര്‍മാര്‍ മുന്‍കൈയെടുത്ത് നിരീക്ഷണ നടപടികള്‍ സ്വീകരിക്കണം.

വാര്‍ഡ് തല സാനിറ്റേഷന്‍ കമ്മിറ്റി വിളിച്ചു ചേര്‍ക്കണം. ഐസൊലേഷനില്‍ ഉള്ളവര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണം. അത് ചെയ്യുന്നവര്‍ ആവശ്യമായ പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. വീടുകള്‍ വൃത്തിയാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണം ആവശ്യമാണെന്നും മന്ത്രി നിര്‍ദേശിച്ചു.

ഐസൊലേഷനിലുള്ളവരുടെ മാനസികാരോഗ്യമുള്‍പ്പെടെ നിരീക്ഷിക്കുന്നതിനായി ജില്ലാതലതലത്തില്‍ 15 ടീം പ്രവര്‍ത്തിച്ചു വരുന്നതായി ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. വര്‍ക്കല മുനിസിപ്പല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വി. ജോയ് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്ദു ഹരിദാസ്, കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.