കാസർഗോഡ്: കോവിഡ്-19  വ്യാപനം തടയുന്നതിന്റെ ഭാഗമായി കര്‍ണ്ണാടക സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യ വകുപ്പും പോലീസും പരിശോധന കര്‍ശനമാക്കി.  കര്‍ണ്ണാടകയില്‍ നിന്നും വരുന്ന  വാഹനങ്ങള്‍ പരിശോധനയ്ക്ക് ശേഷമാണ് കടത്തി വിടുന്നത്. പ്രധാന  അതിര്‍ത്തി കേന്ദ്രങ്ങളായ തലപ്പാടി, പെര്‍ള, പാണത്തൂര്‍ എന്നിവടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരും പോലീസും പരിശോധന നടത്തുന്നുണ്ട്.
കൊറോണ വ്യാപനത്തിനെതിരെ പൊതുജനങ്ങളെ സഹായിക്കുന്നതിനായി ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനുകളിലാണ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചത്. ഇതു കൂടാതെ കാസര്‍കോട് റെയില്‍വേസ്റ്റേഷനില്‍ ട്രെയിന്‍ പരിശോധനയ്ക്കായി അഞ്ച് സംഘങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്.
കാസര്‍കോട് പാറക്കട്ട എസ്.പി.ഓഫീസിലെ പോലീസുകാര്‍ക്കും കാഞ്ഞങ്ങാട് കോടതി ജീവനക്കാര്‍ക്കും പൊതുമരാമത്ത് ജീവനക്കാര്‍ക്കുമായി  ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എ.ടി. മനോജിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
 വിദേശത്തു നിന്നും വരുന്നവര്‍ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലുമായോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലോ കുടുംബാരോഗ്യ കേന്ദ്രങ്ങളിലോ  സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലോ സര്‍ക്കാര്‍ ആശുപത്രികളിലുള്ള സഹായകേന്ദ്രങ്ങളിലോ ബന്ധപ്പെടണം.
ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക ഒഴിവാക്കുന്നതിന്റെ ഭാഗമായി ജന ജാഗ്രത സമിതികള്‍ കൂടുതല്‍ ഊര്‍ജിത പെടുത്തിയിട്ടുണ്ട്. ജില്ലയില്‍  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും  ജാഗ്രതയോടെ കൂടി പ്രവര്‍ത്തിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. എ വി രാംദാസ് അറിയിച്ചു.
 കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നും  വന്നവര്‍  ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലില്‍വിവരമറിയിക്കണം. നമ്പര്‍ 9946000493.  രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി  രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കണ്‍ട്രോള്‍ സെല്ലില്‍  അറിയിച്ചതിനു ശേഷം മാത്രം ആശുപത്രിയെ സമീപിക്കണം. യാതൊരു കാരണവശാലും നീരീക്ഷണ കാലയളവില്‍ കുടുംബത്തില്‍ നടക്കുന്ന സ്വകാര്യ ചടങ്ങുകളിലും മറ്റു പൊതു പരിപാടികളികളിലും ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളിലും പങ്കെടുക്കാന്‍ പാടില്ല